പോലീസുദ്യോഗസ്ഥർ പൊതുജനങ്ങളോട് ഇടപഴകുമ്പോൾ മാന്യമായ രീതിയിൽ മാത്രമേ പെരുമാറാവൂ എന്ന നിർദേശവുമായി ഡിജിപി സർക്കുലർ പുറപ്പെടുവിച്ചു. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും സർക്കുലറിൽ പായുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം.
പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കുമെന്നും നിർദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാലോ പരാതി ലഭിച്ചാലോ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമായി പറയുന്നു. സമൂഹ മാധ്യമങ്ങൾ വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ യൂണിറ്റ് മേധാവി ഉടൻതന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.