സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞതായി (2,00,04,196) ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. പരമാവധി ആളുകള്‍ക്ക് ഒരു ഡോസ് എങ്കിലും നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെപ്തംബറില്‍തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ കുത്തിവയ്പ്പ് നടപടികള്‍ ശക്തിപ്പെടുത്താന്‍ സാധിച്ചു. ആഗസ്റ്റ് 9 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ശജ്ഞം ആരംഭിച്ചത്. ഇതുവരെ 54,07,847 ഡോസ് വാക്‌സിനാണ് വാക്‌സിന്‍ യജ്ഞത്തിലൂടെ നല്‍കാന്‍ സാധിച്ചത്. രണ്ട് തവണ 5 ലക്ഷത്തിലധികം പേര്‍ക്കും മൂന്നുതവണ 4 ലക്ഷത്തിലധികം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിച്ചു. ഓണാവധി പോലും കണക്കിലെടുക്കാതെ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി.