ബ്ലാക്ക് ഫംഗസ് അഥവാ കോവിഡ് അനുബന്ധ മ്യൂക്കർമൈക്കോസിസ് രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 21 പേരെന്ന് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ആകെ 110 പേർക്കാണ് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചത്. രോഗബാധിതരുടെ 19% ആണ് മരണനിരക്ക്. അഞ്ച് പേരാണ് ഈ രോഗം ബാധിച്ച് തിരുവനന്തപുരത്ത് മരണമടഞ്ഞത്. എറണാകുളത്ത് നാല് രോഗികൾ മരിച്ചു.
പ്രമേഹമടക്കം മറ്റ് അസുഖങ്ങളുള്ളവർക്കാണ് കോവിഡ് അനുബന്ധ ബ്ലാക്ക് ഫംഗസ് രോഗം ഗുരുതരമാകാൻ സാധ്യത. ആകെ രോഗം ബാധിച്ചവരിൽ 61 പേർ രോഗമുക്തരായി. 28 പേർ ഇപ്പോഴും ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ ആശുപത്രി ഐസിയു, വെന്റിലേറ്റർ മേഖലകളിൽ അണുനശീകരണം കർശനമാക്കാൻ ബ്ലാക്ക്ഫംഗസ് ബാധയെത്തുടർന്ന് നിർദേശം നൽകിയിരുന്നു.