153 കമ്പനികളില്‍നിന്നായി 923 തൊഴില്‍ അവസരങ്ങള്‍: റെക്കോര്‍ഡ് നേട്ടവുമായിരാജഗിരി

കാക്കനാട്: ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ ചരിത്രം തിരുത്തി രാജഗിരിസ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ്ആന്‍ഡ് ടെക്‌നോളജി. 153 കമ്പനികളില്‍നിന്നായി 923 തൊഴില്‍ അവസരങ്ങളാണ് ഈ വര്‍ഷം രാജഗിരിയിലെ വിദ്യാര്‍ത്ഥികളെ തേടിയെത്തിയത്. ഇതില്‍ 685 തൊഴില്‍ അവസരങ്ങള്‍ ഐ.റ്റി രംഗത്തെ പ്രമുഖരായ കോഗ്നിസന്റ്, ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ്, ഇ.വൈ, യു.എസ്.ടി എന്നീ കമ്പനികളുടേത് മാത്രമാണ്. എം.ടെക് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് മാത്രം നിരവധി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഈ വര്‍ഷം എത്തിയെന്നതും മറ്റൊരു സവിശേഷതയാണ്.

പങ്കെടുത്ത ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഭാവി സുരക്ഷിതമാക്കി എന്ന നേട്ടവും ഇനി കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിജയ ശതമാനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ എന്‍.ബി.എ, നാക് അക്രഡിറ്റേഷനുള്ളരാജഗിരിക്ക് സ്വന്തം. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരമറിഞ്ഞ് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്ന അധ്യാപകരുടെ പ്രവര്‍ത്തന മികവിന്റെ ഫലമാണ് തുടര്‍ച്ചയായി നടക്കുന്ന ഇത്തരം ക്യാമ്പസ് റിക്രൂട്ടുമെന്റുകള്‍. എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ ഇടം നേടിയതിനാല്‍ ധാരാളം കമ്പനികള്‍ പുതുതായി രാജഗിരിയില്‍ ക്യാമ്പസ് റിക്രൂട്ട്മെന്റിനായി എത്തുന്നുണ്ടെന്നും കോളജ് ഡയറക്ടര്‍ ഫാ. ഡോ. ജോസ് കുര്യേടത്ത് സിഎംഐ വ്യക്തമാക്കി.

എ.ബി.ബി ഹിറ്റാച്ചി, കോംവാള്‍ട്ട്, കാമറോണ്‍, ഇഞ്ചര്‍ ടെക്നോളജീസ്, ഇന്‍ഫോര്‍മാറ്റിക, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കല്‍കി ടെക്, ടെമെനോസ്, കെ.പി.ഐ.ടി, ഇഗ്‌നിറ്റേറിയം, ഐ.ബി.എം, വാനെന്‍ബര്‍ഗ് തുടങ്ങിയവയാണ് റിക്രൂട്ട്മെന്റിനായിരാജഗിരി കോളജിനെ തെരഞ്ഞെടുത്ത ചില പ്രമുഖ സ്ഥാപനങ്ങള്‍. 2022 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള റിക്രൂട്ട്‌മെന്റിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പത്തോളം കമ്പനികള്‍ ഇതിനോടകം കോളജിനെ സമീപിച്ചുകഴിഞ്ഞു.

രാജഗിരിക്ക് സ്വയം ഭരണാവകാശം ലഭിച്ചതിനുശേഷം ടി.സി.എസ്സുമായി സഹകരിച്ച് കേരളത്തില്‍തന്നെ ആദ്യമായി ‘കംപ്യൂട്ടര്‍ സയന്‍സ് ആന്റ് ബിസിനസ് സിസ്റ്റംസ് ‘ എന്ന പുതിയ എഞ്ചിനിയറിങ് കോഴ്സ് ആരംഭിച്ചു. ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരമൊരുക്കുന്ന രാജഗിരി വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ ഭാഷാ പഠനത്തിനുള്ള അവസരവും ഒരുക്കി നല്‍കുന്നു. കോവിഡ് കാലത്തിനുശേഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലിനും ഇന്റേണ്‍ഷിപ്പിനുമായി വിദേശ രാജ്യങ്ങളിലേയ്ക്ക് പോകാന്‍ അവസരമൊരുക്കും.