എറണാകുളം: നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനുള്ള വിദ്യാതരംഗിണി വായ്പ വഴി ജില്ലയില്‍ വിതരണം ചെയ്തത് മൂന്നര കോടി രൂപ. ഒരാള്‍ക്ക് പരമാവധി 10,000 രൂപയായിരുന്നു പലിശരഹിത വായ്പ നല്‍കിയത്. ആകെ 35032922 രൂപ ജില്ലയില്‍ വിതരണം ചെയ്തു. സഹകരണ വകുപ്പിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. 24 മാസം കൊണ്ട് വായ്പ തിരിച്ചടക്കുന്ന കാലാവധിയാണ് നല്‍കുന്നത്. കാലാവധി പൂര്‍ത്തിയായിട്ടും വായ്പ തിരിച്ചടച്ചില്ലെങ്കില്‍ 8 ശതമാനം പലിശ നിരക്ക് ഈടാക്കും.
സഹകരണ സംഘങ്ങൾ വഴിയാണ് അപേക്ഷകള്‍ സ്വീകരിച്ചത്. 4446 അപേക്ഷകള്‍ ലഭിച്ചതില്‍ 3561 വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നൽകി. സഹകരണ സംഘം അംഗങ്ങള്‍ അല്ലാത്തവരുടെയും അപേക്ഷകള്‍ പരിഗണിച്ചു. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥി പഠിക്കുന്ന സ്കൂളില്‍ നിന്നുള്ള രേഖയും മൊബൈല്‍ ഫോണ്‍ വാങ്ങിയ ബില്ലും ഉള്‍പ്പെടുത്തണം. ആള് ജാമ്യ വ്യവസ്ഥയിലാണ് വായ്പ നല്‍കുന്നത്. അപേക്ഷകള്‍ ജൂലൈ 31 വരെ സ്വീകരിക്കും.