ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ നടത്തുന്ന ഫ്‌ളാഷ് സെയിലിന് നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള കമ്പനികളുടെ ഫ്‌ളാഷ് സെയില്‍സിനെതിരെ വ്യാപാരികളും വിവിധ അസോസിയേഷനുകളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുള്‍പ്പെടെ 2020 ലെ ഉപഭോക്തൃ സംരക്ഷണ (ഇകൊമേഴ്സ്) നിയമങ്ങളില്‍ നിരവധി ഭേദഗതികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം നിര്‍ദ്ദിഷ്ട ഭേദഗതികളെക്കുറിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്.
സെര്‍ച്ച് ഫലങ്ങളില്‍ കൃത്രിമം കാണിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് നിരോധിക്കുക, ചീഫ് കോംപ്ലിയന്‍സ് ഓഫീസര്‍, റെസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ നിയമിക്കുക എന്നിവയാണ് മറ്റ് ഭേദഗതികള്‍.
പുതിയ നടപടികളിലൂടെ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്ക് മുന്‍ഗണന നല്‍കുന്നതിനും പരമ്പരാഗത വ്യവസായങ്ങളെ സഹായിക്കുക എന്നതുമാണ് കേന്ദ്ര ലക്ഷ്യം. കോവിഡ് പശ്ചാത്തലത്തിലെ ലോക്ഡൗണ്‍ കാലത്ത് പൊതുവ്യാപാര മേഖല അടഞ്ഞുകിടന്നപ്പോള്‍ ഓണ്‍ലൈന്‍ മേഖല വന്‍ കുതിപ്പ് സൃഷ്ടിച്ചിരുന്നു. ഇത് പൊതുവ്യാപാര മേഖലയ്ക്ക് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.