പാലക്കാട്: അസുഖബാധിതരായ 18-44 വരെ പ്രായമുള്ളവര്‍ വാക്സിനേഷന് മുന്‍ഗണനയ്ക്കായി ബന്ധപ്പെട്ട രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നുമുള്ള രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ സമയത്ത് നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം. ഇതിനുള്ള ഫോമും മുന്‍ഗണന ലഭിക്കുന്ന അസുഖങ്ങള്‍ സംബന്ധിച്ച വിവരങ്ങളും https://covid19.kerala.gov.in/vaccine/ ല്‍ ലഭിക്കും.
രജിസ്‌ട്രേഷനായി മേല്‍ പറഞ്ഞ വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയതിനുശേഷം ലഭിക്കുന്ന ഒ.ടി.പി നല്‍കുമ്പോള്‍ വരുന്ന പേജില്‍ ജില്ല, യോഗ്യതാ വിഭാഗം, പേര്, ലിംഗം, ജനനവര്‍ഷം, പ്രായം, വാക്സിനേഷന് തെരഞ്ഞെടുക്കുന്ന സ്ഥലം എന്നിവ നല്‍കണം. ശേഷം ഇ – ഹെല്‍ത്ത് ഓപ്ഷനില്‍ രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് (രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നും ലഭിച്ച ഒരു എം.ബിയില്‍ താഴെയുള്ള പി.ഡി.എഫ്/ജെ.പെഗ് ഫയല്‍), കോവിന്‍ റഫറന്‍സ് നമ്പര്‍ എന്നിവ കൂടി നല്‍കി സബ്മിറ്റ് ചെയ്യുക.
നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിക്കും. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രം, ദിവസം, സമയം എന്നിവയടങ്ങിയ അപ്പോയ്ന്‍മെന്റ് എസ്.എം.എസ് ആയി ലഭിക്കും. മുന്‍ഗണന ലഭിക്കുന്ന രോഗങ്ങളുടെ പട്ടികയും സര്‍ട്ടിഫിക്കറ്റ് മാതൃകയും ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. വാക്സിനേഷന്‍ ദിവസം ഏതെങ്കിലും ഐ.ഡി പ്രൂഫ് കയ്യില്‍ കരുതണം. വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ മൊബൈലില്‍ ലഭിച്ച അപ്പോയ്ന്‍മെന്റ് എസ്.എം.എസ്, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവയും കയ്യില്‍ കരുതണം. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞവര്‍ക്ക് കോവിന്‍ സൈറ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.