കൊച്ചി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ 71 കോടി രൂപ നീക്കിവച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കോവിഡ് 19ന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ രാജ്യത്തെ സഹായിക്കുന്നതിന് ഈ തുക വിനിയോഗിക്കും. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ 1000 ബെഡുള്ള താല്‍ക്കാലിക ആശുപത്രികള്‍, 250 ഐസിയു ബെഡ് സൗകര്യങ്ങള്‍, 1000 ഐസൊലേഷന്‍ ബെഡ് സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കാന്‍ 30 കോടി രൂപ നീക്കിവയ്ക്കും.
അതത് നഗരങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുമായി സഹകരിച്ചായിരിക്കും ഈ സൗകര്യങ്ങള്‍ ഒരുക്കുക. താല്‍ക്കാലിക ആസ്പത്രികള്‍ സ്ഥാപിക്കുന്നതിനുള്ള പങ്കാളിത്തത്തിനായി വിവിധ കേന്ദ്രങ്ങളുമായി എസ്ബിഐ ചര്‍ച്ച നടത്തുന്നുണ്ട്. ജീനോം സീക്വന്‍സിങ് ഉപകരണങ്ങള്‍, ലാബ്, വാക്‌സിന്‍ ഗവേഷണ ഉപകരണങ്ങള്‍ എന്നിവയ്ക്കായി സര്‍ക്കാരുകള്‍ക്ക് 10 കോടി രൂപയും എസ്ബിഐ നല്‍കും.
ഇതിന് പുറമെ, പൗരന്മാരുടെ അടിയന്തിര വൈദ്യ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ജീവന്‍ രക്ഷോപകരണങ്ങള്‍ വാങ്ങാനും, ആശുപത്രികളിലേക്കുള്ള ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിക്കാനും, 17 പ്രാദേശിക ഹെഡ് ഓഫീസുകള്‍ക്ക് 21 കോടി രൂപ എസ്ബിഐ അനുവദിച്ചിട്ടുണ്ട്. പരിശോധനകളും വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തല്‍, കോവിഡ് ഹെല്‍പ്പ്‌ലൈന്‍ സജ്ജമാക്കല്‍, ഓക്‌സിജന്‍ വിതരണവും മറ്റ് നിര്‍ണായക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കല്‍ എന്നിവയ്ക്കായി എന്‍ജിഒകളുമായി സഹകരിച്ച് 10 കോടി രൂപയും എസ്ബിഐ നല്‍കും. പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍, റേഷന്‍, പാചകം ചെയ്ത ഭക്ഷണം എന്നിവയുടെ വിതരണവും ബാങ്ക് തുടരും.
കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഷിക ലാഭത്തിന്റെ 0.25 ശതമാനം നീക്കിവച്ച എസ്ബിഐ, പി.എം കെയര്‍സ് ഫണ്ടിലേക്ക് 108 കോടി രൂപ സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമെ, സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ യജ്ഞത്തെ പിന്തുണയ്ക്കുന്നതിനായി 11 കോടി രൂപയും നല്‍കി.
കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ സമൂഹത്തിന് പിന്തുണ നല്‍കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖര പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പം കൈകോര്‍ക്കാനും, ഫണ്ടുകളക്കൊപ്പം സഹായങ്ങള്‍ ചെയ്യാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ബാങ്ക് ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വാക്‌സിനേഷന്‍ ചെലവ് വഹിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള ആളുകള്‍ക്ക് ഏത് രൂപത്തിലും പിന്തുണ നല്‍കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായും ദിനേശ് ഖര പറഞ്ഞു.