ദിനം പ്രതി വർധിച്ചുവരുന്ന കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ 9 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍ ആയിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ സംസ്ഥാനത്തെ കോവിഡ് രണ്ടാം തരംഗം അതി ഭീകരമായി തുടരുന്ന സാഹചര്യത്തിൽ മെയ് 8 മുതൽ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും.
ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. കഴിഞ്ഞ ദിവസം മാത്രം നാൽപതിനായിരത്തിലേറെ രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 25.69 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ശ്രമം. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മിനിലോക്ഡൗണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനാകുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.