നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നാട്ടിലെ ജനങ്ങളുടെ വിജയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിജയത്തിന്റെ അവകാശികൾ കേരളത്തിലെ ജനങ്ങളാണ്. ജനങ്ങളെ സർക്കാർ വിശ്വസിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന ജനവിധിയാണ് ഉണ്ടായത്. നാടിന്റെ വികസനത്തിന് എൽഡിഎഫിന്റെ തുടർഭരണം വേണമെന്ന് ജനം ചിന്തിച്ചു.
ഒരുപാട് പ്രതിസന്ധികളെ മറികടന്നുകൊണ്ടാണ് സർക്കാരിന് മുന്നോട്ട് പോകേണ്ടിയിരുന്നത്. അക്കാര്യത്തിൽ ജനങ്ങൾ പൂർണമായും എൽഡിഎഫിന് ഒപ്പമുണ്ടായിരുന്നു. ആ ജനങ്ങൾ ഇനിയുള്ള നാളുകളിലും എൽഡിഎഫിന് ഒപ്പമുണ്ട് എന്നാണ് ഈ ജനവിധിയിലൂടെ തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ സർക്കാരിനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും അംഗീകരിച്ചിരിക്കുകയാണ്.
യു.ഡി.എഫിനെ തളർത്താൻ ദ്വിമുഖ തന്ത്രമാണ് സി.പി.എമ്മും ഇടതു മുന്നണിയും ആവിഷ്കരിച്ചത്. അതിൽ പ്രധാനം പിണറായി വിജയൻ എന്ന നേതാവിനെ മുന്നിൽ നിർത്തിക്കൊണ്ടുള്ള നീക്കമായിരുന്നു.ഇതിനെ കൃത്യമായി നേരിടാൻ കോൺഗ്രസിനായില്ല. രമേശ് ചെന്നിത്തല പിണറായിക്ക് ഒത്ത എതിരാളിയല്ലെന്ന് കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ചിന്തയുടെ പ്രതിഫലനമായാണ് ഉമ്മൻചാണ്ടി വീണ്ടും രംഗപ്രവേശം ചെയ്തത്. ഒരു നേതാവിന് പകരം രണ്ടു പേർ വന്നപ്പോൾ അത് കോൺഗ്രസിനുള്ളിലും യു.ഡി.എഫിനുള്ളിലും ആവേശമല്ല ചിന്താക്കുഴപ്പമാണുളവാക്കിയത്.
ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ ഭൂരിപക്ഷം കുറഞ്ഞതും ഇതോടൊപ്പം ചേർത്തുവായിക്കണം. ജോസ് കെ. മാണിയുടെ തോൽവിയും കെ.കെ. രമയുടെ വിജയവും ജനവിധിയുടെ അടിസ്ഥാനം.ബി.ജെ.പിയുടെ തകർച്ചയും ശ്രദ്ധേയമാണ്. 2016-ൽ നേടിയ ഏക സീറ്റും ഇപ്പോൾ ബി.ജെ.പിയുടെ കൂടെയില്ല. ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാവാൻ ഇനിയും കാലമെടുക്കുമെന്നുമാണ് ഈ തിരഞ്ഞെടുപ്പ് ഫലം വിളിച്ചു പറയുന്നത്.