നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍

ഇടത്തരം വലിപ്പമുള്ള മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ആഗോള നേതാവായ റോയല്‍ എന്‍ഫീല്‍ഡ് ആദ്യമായി ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പേരില്‍ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പന പ്രചാരണം ആരംഭിച്ചു. മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് മീറ്റിയോര്‍ 350 മോട്ടോസൈക്കിളിനെ അടിസ്ഥാനപ്പെടുത്തി പുതിയ രൂപകല്‍പന സമര്‍പ്പിക്കാനുള്ള അപൂര്‍വമായ അവസരമാണിത്.

ഇന്ത്യയില്‍ ക്രിയാത്മകതയെ പരിപോഷിപ്പിക്കുക, മോട്ടോര്‍സൈക്കിള്‍ രൂപകല്‍പന പ്രോത്സാഹിപ്പിക്കുക എന്നീ ആശയങ്ങളുമായിട്ടാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ പ്രചാരണം നടത്തുന്നത്. വാഹനപ്രേമികള്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ ആശയത്തെ പ്രകടമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം നല്‍കാനാണ് ഈ മത്സരം ലക്ഷ്യമിടുന്നത്. സ്വയം വിശദീകരിക്കുന്ന ഒരു തീമുള്ള ഈ മത്സരം അവരെ മോട്ടോര്‍സൈക്കിള്‍ റൈഡിങ്ങെന്ന പാഷനെ പിന്തുടരാനും അവരെ സ്വയം-അന്വേഷണം നടത്തുന്നതിനായുള്ള യാത്രയില്‍ ഒരു പടി മുന്നില്‍ നടത്തുകയും ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ രജിസ്റ്റര്‍ ചെയ്യാം.

റോയല്‍ എന്‍ഫീഡ് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ സ്വയം ആശയ പ്രകാശനം നടത്താനുള്ള താല്‍പര്യം വളര്‍ത്തുകയും ആഗോള മോട്ടോര്‍ സൈക്കിള്‍ രൂപകല്‍പനാ ആവാസ വ്യവസ്ഥ വളര്‍ത്താനുമാണ് റോയല്‍ എന്‍ഫീല്‍ഡ് രൂപകല്‍പന പദ്ധതി നടപ്പിലാക്കുന്നതെന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ മാര്‍ക്കറ്റിങ് വിഭാഗം ആഗോള തലവനായ ശുഭ്രാന്‍ശു സിംഗ് ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് പദ്ധതിയെ കുറിച്ച് പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബോണ്‍വില്ലെ റേസര്‍, എസ് ജി 411, മിഡാസ് റോയല്‍ എന്നിവ അടക്കമുള്ള ചില ശ്രദ്ധ്യേയമായ വാഹനങ്ങളെ രൂപകല്‍പന ചെയ്യാനും നിര്‍മ്മിക്കാനും റോയല്‍ എന്‍ഫീല്‍ഡിന്റെ രൂപകല്‍പന പദ്ധതിക്ക് കഴിഞ്ഞു. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകളുടെ കഴിവ് പ്രകടമാക്കുകയും ലോകമെമ്പാടും രൂപകല്‍പനാ പരിസ്ഥിതിയെ ശക്തിപ്പെടുത്തുകയും മാത്രമല്ല രൂപകല്‍പനയുടെ ലോകത്തിലേക്ക് ധാരാളം പേരെ എത്തിക്കാനും ഈ പദ്ധതിക്ക് സാധിച്ചു. പുതിയതായി നിരത്തിലിറക്കിയ മീറ്റിയോര്‍ 350-നെ അടിസ്ഥാനപ്പെടുത്തിയ ഈ രൂപകല്‍പന പദ്ധതിയിലൂടെ ഞങ്ങളുടെ സവാരിക്ക് സവിശേഷമായ ശക്തി പകര്‍ന്നു നല്‍കാന്‍ താല്‍പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ആവേശത്തിന് ഊര്‍ജ്ജം പകരുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.

ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും തങ്ങളുടെ രൂപകല്‍പന അയക്കാനും സാധിക്കും. ആര്‍ ഇ ചോയ്സ്, പ്രോ ജഡ്ജസ് ചോയ്സ്, പബ്ലിക് ചോയ്സ് എന്നീ വിഭാഗങ്ങളിലായി മൂന്ന് വ്യത്യസ്ത ജൂറി പാനലുകള്‍ മൂന്ന് രൂപകല്‍പനകളെ തെരഞ്ഞെടുക്കും. ഏറ്റവും മികച്ച മൂന്ന് രൂപകല്‍പനകള്‍ ചെയ്തവര്‍ക്ക് ഐ എന്‍ ടി സി സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.

കൂടാതെ, ചെന്നൈയിലെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ ടെക് സെന്ററില്‍ വച്ച് വിജയികള്‍ക്ക് കമ്പനിയുടെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ടീമുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും തങ്ങളുടെ രൂപകല്‍പനയെ മെച്ചപ്പെടുത്തി നിര്‍മ്മാണ യോഗ്യമാക്കാന്‍ സാധിക്കുകയും ചെയ്യും. രൂപകല്‍പനയെ മെച്ചപ്പെടുത്തിയശേഷം ഇന്ത്യയിലുള്ള ഒരു കസ്റ്റം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവുമായി ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്കകം രൂപകല്‍പനയ്ക്ക് ജീവന്‍ നല്‍കാനും സാധിക്കും. ബൈക്ക് എക്സിഫിന്റെ സീനിയര്‍ എഡിറ്ററായ വെസ് റെയ്നെക്ക്, റോളന്‍ഡ് സാന്‍ഡ്സ് ഡിസൈനിലെ റോളന്‍ഡ് സാന്‍ഡ്സ്, രാജ്പുത്താന കസ്റ്റംസിലെ വിജയ് സിംഗ്, മോട്ടോര്‍ വേള്‍ഡിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ പാബ്ലോ ചാറ്റര്‍ജി എന്നിവരാണ് ആശയങ്ങളേയും രൂപകല്‍പനകളേയും വിലയിരുത്തുന്നത്.

അടുത്ത തലമുറയിലെ ഉപഭോക്താക്കളില്‍ നിന്നും അവരുടെ വളരുന്ന സ്വയം-പര്യവേഷണത്തിന്റെ ആവശ്യകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനുള്ള ഒരു സവിശേഷമായ ക്രിയാത്മകമായ പ്ലാറ്റ്ഫോമാണ് ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന് പദ്ധതിയുടെ തലവനായ അഡ്രിയാന്‍ സെല്ലേഴ്സ് പറഞ്ഞു. വാഹനത്തോടുള്ള തങ്ങളുടെ പ്രണയത്തെ ആവിഷ്‌കരിക്കുന്നതിനുള്ള അവസരം യാത്രകള്‍ ചെയ്യുന്ന സമൂഹത്തിന് നല്‍കുകയെന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. മോട്ടോര്‍സൈക്കിള്‍ കസ്റ്റമൈസേഷനില്‍ അവരുടെ ആശയങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ജീവന്‍ നല്‍കുന്നതിനുള്ള ഒരു മികച്ച അവസരം നല്‍കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, അദ്ദേഹം പറഞ്ഞു.

ഒരാളുടെ ഭാവന, അനുഭവങ്ങള്‍, വാഹനമോടിക്കാനുള്ള ആഗ്രഹം, സ്വയം-പരിശോധന നടത്തുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് ഈ പ്രചാരണത്തിന്റെ തീം. മത്സരാര്‍ത്ഥികളുടെ പ്രതിഭയും താല്‍പര്യവും പ്രകടിപ്പിക്കുന്നത് കൂടാതെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രചോദനം നല്‍കുമ്പോള്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിന്റെ വ്യക്തിത്വം, സ്വാതന്ത്ര്യം എന്നിവ പ്രകടമാക്കാനും സാധിക്കും.