കോവിഡ് വാക്‌സിന്‍: രണ്ട് ഡോസും നിര്‍ബന്ധം

കൊല്ലം : മൂന്നാമത്തെ ട്രയല്‍ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് കോവിഡ് വാക്സിനുകള്‍ ജനങ്ങള്‍ക്കായി നല്‍കുന്നതെന്നും 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസാണ് എടുക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത.

സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്‌സിന്‍ ആദ്യം നല്‍കുക. മുന്‍നിര കോവിഡ് പ്രവര്‍ത്തകര്‍ക്കും സന്നദ്ധസേവകര്‍ക്കും രണ്ടാംഘട്ടത്തില്‍ വാക്സിന്‍ കുത്തിവയ്പ് നല്‍കും.അമ്പത് വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്ക സംബന്ധമായ തകരാര്‍, കാന്‍സര്‍ തുടങ്ങിയ മാരക രോഗമുള്ള 50 വയസിനു താഴെയുള്ളവര്‍ക്കും തുടര്‍ന്ന് വാക്സിനേഷന്‍ നല്‍കും.

ഗര്‍ഭിണികള്‍, 18 വയസിനു താഴെ പ്രായമുള്ളവര്‍ എന്നിവര്‍ വാക്സിന്‍ എടുക്കേണ്ടതില്ല. ഇവരില്‍ ക്ലിനിക്കല്‍ ട്രയല്‍, ഗവേഷണ പഠനപ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാലാണ് ഒഴിവാക്കുന്നത്. കോവിഡ് രോഗം ഭേദമായവര്‍ക്കും വാക്സിന്‍ എടുക്കാം.