തിരിച്ചുവരവറിയിച്ച് കേരള ക്ലേയ്‌സ് ആന്റ് സെറാമിക്‌സ്

തകര്‍ച്ചയില്‍നിന്നും തിരിച്ചുവരവറിയിച്ച് കേരള പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ക്ലേയ്സ് ആന്റ് സെറാമിക്സ്. കളിമണ്‍ വ്യവസായത്തെ ആശ്രയിച്ചിരുന്ന സ്ഥാപനം ഇന്ന് വ്യത്യസ്ഥ മേഖലകളില്‍ വിജയകരമായി മുന്നേറുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മുന്നേറ്റത്തില്‍ വ്യവസായ വകുപ്പിന് ഇതോടെ മറ്റൊരു പൊന്‍തൂവലാവുകയാണ് കേരള ക്ലേയ്‌സ് ആന്റ് സെറാമിക്‌സ്.

തിരുച്ചുവരവിന്റെ ഭാഗമായി കമ്പനിയുടെ കണ്ണൂര്‍ മങ്ങാട്ട്പറമ്പ് യൂണിറ്റില്‍ മലബാര്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിച്ചു. പ്രവര്‍ത്തനം പടിപടിയായി ഉയര്‍ത്തി. വിവിധ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സുകള്‍, ഐടി അധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകള്‍, മലബാറിലെ കര്‍ഷകരെ സഹായിക്കാന്‍ ബ്രഹ്മഗിരിയുമായി ചേര്‍ന്ന് ആഗ്രോ ഇന്‍ഫോപാര്‍ക്ക് എന്നിവ ആരംഭിക്കാനും പദ്ധതിയുണ്ട്.

പാപ്പിനിശേരി ഹെഡ്ഡോഫീസിന് മുന്നില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ് തുറന്ന് വൈവിധ്യവല്‍ക്കരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പാഷന്‍ ഫ്രൂട്ട് കൃഷി തുടങ്ങി. അഞ്ചേക്കറില്‍ വിളഞ്ഞുനില്‍ക്കുന്ന തോട്ടത്തില്‍ നിന്ന് ദിവസവും അമ്പത് കിലോ പഴം വിളവെടുക്കുന്നു. ഒപ്പം ഇഞ്ചി, മഞ്ഞള്‍, ചേന, വാഴ എന്നിവയും കൃഷി ചെയ്യുന്നു. കണ്ണപുരം യൂണിറ്റില്‍ കോക്കനട്ട് പ്രോസസിങ് യൂണിറ്റ് ആരംഭിക്കാനൊരുങ്ങുകയാണ് സ്ഥാപനം.

പ്രതിമാസം 12 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് നല്‍കാന്‍ ഫിഷറീസ് വകുപ്പിന് കീഴിലെ അഡാക്കുമായി സെറാമിക്സ് ധാരണപത്രം ഒപ്പിട്ടു. വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ ആരംഭിക്കാനും ധാരണയായി. കോഴി, പോത്ത്, ആട് ഫാമുകള്‍, ഡെയ്റി ഫാം, തീറ്റപ്പുല്‍ കൃഷി, മാങ്ങാട്ടുപറമ്പില്‍ കോള്‍ഡ് സ്റ്റോറേജ്, ഗാര്‍ഡന്‍ നേഴ്സറി തുടങ്ങിയ പദ്ധതികള്‍ തുടങ്ങും. ഈ പദ്ധതികള്‍ നടപ്പാകുന്നതോടെ തൊഴിലാളികള്‍ക്ക് മുഴുവന്‍ ദിവസം തൊഴില്‍ നല്‍കാനും പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുമാകും. പൊതുമേഖലയെ സംരക്ഷിക്കുക എന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമാണ് പുതിയ പദ്ധതികളെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ പ്രതികരിച്ചു.