By Sukesh Das, linkedin.com/in/sukeshdas, Send your feedback to sukesh@janapriyam.com
2020 ജൂലൈയിൽ ഓർത്തോ എഫ് എക്സ് എന്ന അമേരിക്കയിലുള്ള സ്റ്റാർട്ടപ്പിന് 100 കോടിക്കടുത്ത് (പതിമൂന്ന് മില്യൺ ഡോളർ) നിക്ഷേപം ലഭിച്ചു. ഓർത്തോ എഫ് എക്സ് ന്റെ സി.ഇ.ഓ യും സഹസ്ഥാപകനും മലയാളിയുമായ റെൻ മേനോനുമായി ജനപ്രിയം നടത്തിയ അഭിമുഖത്തിൽ ഇന്നോവേഷനെ കുറിച്ചും സ്റ്റാർട്ടപ്പിലേക്കു വിജയകരമായി നിക്ഷേപം കൊണ്ടുവരുന്നതിനെ കുറിച്ചും തന്റെ അനുഭവങ്ങൾ റെൻ പങ്കുവയ്ക്കുന്നു:
വർക്ക് വിസയിൽ അമേരിക്കയിൽ എത്തിച്ചേർന്ന റെൻ മേനോൻ 1997-ലാണ് സ്‌റ്റാഫിങ് ഇൻഡസ്ട്രിയിൽ തന്റെ ആദ്യത്തെ കമ്പനി തുടങ്ങിയത്. 2002 വരെ ഇന്ത്യനാപോളിസിൽ ബിസിനസ് ചെയ്തതിനു ശേഷം കൂടുതൽ നൂതനമായ കമ്പനികളുള്ള സിലിക്കൺ വാലിയിലെ ഇൻവിസ് അലയിൻ എന്ന ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയിൽ റിസർച്ച് & ഡെവലപ്മെന്റ് ഡയറക്ടർ ആയി ജോലിയിൽ പ്രവേശിച്ചു. 2016 -ൽ ഗ്ലോബൽ പ്രോഡക്റ്റ് & ഇന്നോവേഷൻ ഹെഡ് എന്ന സ്ഥാനത്തു നിന്നിറങ്ങുമ്പോൾ ഇൻവിസ് അലയിൻ എന്ന കമ്പനി പന്ത്രണ്ട് ബില്യൺ ഡോളർ ബിസിനസ് ചെയ്യുന്ന സ്ഥാപനമായി മാറിക്കഴിഞ്ഞിരുന്നു. ഇവിടെയാണ് ഇന്നോവേഷനെയും ഒരു കമ്പനി സമൂഹത്തിലുണ്ടാക്കുന്ന മാറ്റത്തെ കുറിച്ചും റെൻ ഒരു പ്രധാനപ്പെട്ട കാര്യം പറയുന്നത്:
റെൻ മേനോൻ: “ഇന്നോവേഷൻ അല്ലെങ്കിൽ സ്റ്റാർട്ടപ്പ് എന്ന് പറയുമ്പോൾ ആളുകൾ ആദ്യം ആലോചിക്കുന്നത് ഫെയ്‌സ്‌ബുക്കാണ്. എന്റെ കമ്പനി ഒരു ബില്യൺ ഡോളർ ബിസിനെസ്സ് ആയി വേഗത്തിൽ വളരണം. ഈ ചിന്തയിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങുന്നത് നല്ല രീതിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇൻസ്റ്റാഗ്രാമോ ഫെയ്‌സ്‌ബുക്കോ സമൂഹത്തിൽ കൊണ്ടുവരുന്ന ഒരു പോസിറ്റീവ് വാല്യൂ എന്താണെന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം ലഭിക്കണമെന്നില്ല. മറ്റു മേഖലകളിൽ നിരവധി അവസരങ്ങൾ ഉണ്ട്. അതുപോലെ ഒരുപാട് ഇന്നൊവേഷന് സാധ്യത ഉള്ള ഒരു ഇൻഡസ്ട്രിയാണ് ആരോഗ്യരംഗം. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക് സമൂഹത്തിന് ഗുണകരമായ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നത് ഉറപ്പാണ്”
ഇൻവിസ് അലൈനിലെ ജോലി വിട്ട ശേഷം നാലഞ്ചു മാസത്തേക്ക് ഒരു ഇടവേള എടുത്തു. തിരിച്ചു വന്നതിനു ശേഷം ഒരു വെഞ്ചർ ക്യാപിറ്റൽ കമ്പനിയിൽ ജോലിക്കു കയറി. സ്റ്റാർട്ടപ്പുകളിൽ പണം നിക്ഷേപിക്കുന്ന കമ്പനികൾ ഒരു സ്റ്റാർട്ടപ്പിനെ എങ്ങനെ വിലയിരുത്തുന്നു എന്നും, ഒരു സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കാനുള്ള അവസരത്തെ നിക്ഷേപകർക്ക് മുന്നിൽ എങ്ങനെ നന്നായി അവതരിപ്പിക്കണമെന്നും പഠിക്കാനായിരുന്നു വെഞ്ചർ ക്യാപിറ്റൽ കമ്പനിയിൽ ജോലിക്കു കയറിയത്. ഈ സമയത്താണ് ഓൺലൈൻ ആയി ദന്തസംരക്ഷണം നൽകുന്ന ഓർത്തോ എഫ് എക്സ് എന്ന സ്റ്റാർട്ടപ്പ് തുടങ്ങിയത്. ദന്ത ഡോക്ടർമാർക്ക് തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും അതേസമയം രോഗികൾക്ക് ദന്തസംരക്ഷണത്തിനു വേണ്ട ചിലവ് കുറയ്ക്കാനും സഹായിക്കുന്നു എന്നതാണ് ഓർത്തോ എഫ് എക്സ് നെ വ്യത്യസ്തമാക്കുന്നത്. ഇത് കൂടാതെ സ്റ്റാർസോണാ , ബ്ലിസ്സ് ഡിവോഴ്സ് എന്ന പേരിൽ വേറെ രണ്ടു സ്റ്റാർട്ടപ്പുകളും റെൻ നടത്തുന്നുണ്ട്.
സ്റ്റാർട്ടപ്പിലേക്കു നിക്ഷേപം കൊണ്ടുവരുന്നതിൽ വിജയിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് റെനിന്റെ അനുഭവത്തിൽ നിന്ന്:
റെൻ മേനോൻ: “നിക്ഷേപം കൊണ്ടുവരുന്നതിൽ ഉറപ്പായും വിജയിക്കാനായി ഒരു ഫോർമുല പറയാൻ സാധിക്കും എന്ന് തോന്നുന്നില്ല. സ്റ്റാർട്ടപ്പിലേക്ക് നിക്ഷേപം കൊണ്ട് വരുന്നതിനു ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. നമ്മുടെ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തുന്നതിനായി നിക്ഷേപകരുമായി സംസാരിക്കുമ്പോൾ അതിൽ നിരവധിപേർ പല കാരണങ്ങളാലും നിക്ഷേപം നടത്തിയില്ലെന്നു വരാം. നിക്ഷേപകരെ കാണാൻ ഇറങ്ങുന്നതിനു മുൻപുതന്നെ ഇത്തരം നിരവധി സാഹചര്യങ്ങൾ ഉണ്ടായേക്കാം എന്ന് സ്റ്റാർട്ടപ്പുകൾ അംഗീകരിക്കണം. ഓർത്തോ എഫ് എക്‌സിനു നിക്ഷേപം കൊണ്ടുവരാനായത് നൂറ്റിയെൺപത്താറു തവണ നിക്ഷപകരെ കണ്ട് പരാജയപെട്ടതിനു ശേഷമാണ്. പരാജയം അംഗീകരിച്ചു വീണ്ടും ശ്രമിക്കുക എന്നതിലാണ് കാര്യം. എന്റെ കമ്പനികളിൽ ജോലി ചെയ്യുന്നവരോട് എന്റെ പരാജയങ്ങളാണ് ഞാൻ കൂടുതലും പങ്കുവയ്ക്കാറുള്ളത്. പരാജയപ്പെടുക എന്നത് ഒരു മോശം കാര്യമല്ല എന്ന് അവരുടെ മനസ്സിൽ ഉറപ്പിക്കാനാണ് ഇത് ചെയുന്നത്. ഒരുപക്ഷെ നിങ്ങളുടെ ഐഡിയ പ്രാവർത്തികമാക്കാൻ സാധിക്കുന്നതല്ല എന്ന് പല നിക്ഷേപകരും പറഞ്ഞേക്കാം. എന്നാൽ അത്തരം അഭിപ്രായങ്ങൾ നിങ്ങളുടെ സ്റ്റാർട്ടപ്പിനെ കുറിച്ചുള്ള അവസാന വാക്കായി എടുക്കരുത്. എല്ലാ നിക്ഷേപകർക്കും നിങ്ങളുടെ സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്ന മേഖലയെ കുറിച്ച് നല്ല ബോധ്യം ഉണ്ടാകണമെന്ന് നിർബന്ധമില്ല“
“തീരുമാനങ്ങൾ എടുക്കുക” എന്നത് ഏതൊരു സംരംഭകനും നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. റെൻ അത് ചെയ്യുന്നത് എങ്ങനെ?
റെൻ മേനോൻ : “ഒരു തീരുമാനം എടുക്കുമ്പോൾ ഒന്നാമതായി വിലയിരുത്തുന്നത് ആ തീരുമാനം നടപ്പാക്കിയാൽ ഏറ്റവും മോശമായ എന്ത് കാര്യമാണ് സംഭവിക്കാനുള്ള സാധ്യത എന്നാണ്. ബിസിനസ്സ്പരമായി മാത്രമല്ല വ്യക്തിപരമായും എന്ത് സംഭവിക്കും എന്ന് വിലയിരുത്തും. ആ തീരുമാനം നടപ്പാക്കിയാൽ സംഭവിക്കും എന്ന് നമ്മൾ കരുതിയ ഏതെല്ലാം കാര്യങ്ങൾ വെറും ഭയങ്ങൾ അല്ലെങ്കിൽ മനസിന്റെ വെറും ഭാവനകൾ മാത്രമാണെന്ന് എന്ന് വ്യക്തമായി മനസിലാക്കാൻ കഴിയും. ഭയങ്ങളെ വ്യക്തമായി തിരിച്ചറിയുന്നതാണ് ഏറ്റവും നല്ല തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നത്.”
എപ്പോഴാണ് ഇന്ത്യയിൽ ഓർത്തോ എഫ് എക്സ് പ്രവർത്തനം ആരംഭിക്കുക?
അടുത്ത വർഷം യൂറോപ്പിലും കാനഡയിലും ഓർത്തോ എഫ് എക്സ് പ്രവർത്തനം ആരംഭിക്കും. ചൈനയിൽ റെഗുലേറ്ററി അപ്പ്രൂവലുകൾക്കുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. 2022 ലാണ് ഇന്ത്യയിൽ ഓർത്തോ എഫ് എക്സ് പ്രവർത്തനം ആരംഭിക്കാൻ പദ്ധതിയിടുന്നത്. 2021-ൽ കൊച്ചിയിലെ ഓർത്തോ എഫ് എക്സിന്റെ ഓഫീസിൽ ഐ ടി, മാർക്കറ്റിംഗ് മേഖലയിൽ ഉൾപ്പടെ ഇരുനൂറ്റിയമ്പതോളം ആളുകൾക്ക് ജോലി നൽകാനാകും എന്ന് റെൻ മേനോൻ പറയുന്നു – https://www.orthofx.com/