മിന്നൽ അപകടകാരിയാണ്. നിർദേശങ്ങൾ പാലിക്കണം

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. ആയതിനാൽ പൊതുജനങ്ങൾ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്നും  ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും  മുഖ്യമന്ത്രി നിർദേശിച്ചു.

മിന്നൽ അപകടകാരിയാകുന്നത് എങ്ങനെ ?

സെക്കന്റിന്റെ പത്തിലൊന്ന് അംശം സമയത്തിനുള്ളിൽ മിന്നൽ സംഭവ്യമാകുന്നതിനാൽ, ഇതുമൂലമുണ്ടാകുന്ന ആഘാതങ്ങളിൽ നിന്നും മനുഷ്യജീവനുകൾക്ക് രക്ഷപ്പെടുക അസാധ്യമാണ്. എന്നാലും  മിന്നലിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരു പരിധിവരെ അപകടം കുറയ്ക്കുന്നതിന് സഹായിക്കുന്നു. മിന്നൽ ഉണ്ടാകുന്ന സമയവും സ്ഥലവും കൃത്യമായി പ്രവചിക്കുക അസാധ്യമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം മിന്നൽ ഉണ്ടാകുന്നതിന് ഒരു പ്രത്യേക കാലം (Season) ഉള്ളതിനാൽ പ്രസ്തുത കാലയളവിൽ പ്രതിരോധ നടപടികൾ മുൻകൂറായി എടുക്കാവുന്നതാണ്. കേരളത്തിൽ സാധാരണയായി ഒക്ടോബർ മുതൽ ജൂൺ വരെയുള്ള (തുലാം – ഇടവം) മാസങ്ങളിൽ മിന്നൽ ഉണ്ടാകാറുണ്ട്. ഉച്ച കഴിഞ്ഞുള്ള സമയങ്ങളിലാണ് മിന്നൽ കൂടുതലായും ഉണ്ടാകാറുള്ളത്.

ഇടിമിന്നൽ – ജാഗ്രത നിർദേശങ്ങൾ:

👉 ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
👉 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
👉 ടെറസിലേക്കോ, മുറ്റത്തക്കോ  ഇടിമിന്നലുള്ള സമയത്ത് പോകരുത്.
👉ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
👉 ജനലും വാതിലും അടച്ചിടുക.
👉 ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
👉 ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
👉 ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
👉 കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
👉 ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
👉 വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
👉 വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
👉 ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
👉 പട്ടം പറത്തുവാൻ പാടില്ല.
👉 തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
👉 വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.

പ്രഥമ ശുശ്രൂഷ

മിന്നൽ ആഘാതത്താൽ ഉണ്ടാകുന്ന അപകടങ്ങളിൽ ശ്വാസതടസ്സം മൂലമാണ് കൂടുതൽ പേരും മരണത്തിനു കീഴടങ്ങുന്നത്. നേരിട്ടുള്ള ആഘാതം, പൊള്ളൽ എന്നിവയിലൂടെ മരണം ഉണ്ടാകുന്നത് വളരെ കുറവാണ് . കൃതിമ ശ്വാസോഛ്വാസം നൽകുന്നതിലൂടെ മിന്നൽ ആഘാതമേറ്റ നിരവധി ആൾക്കാരെ നമുക്ക് രക്ഷിക്കാൻ കഴിയും. വൈദ്യസഹായത്തിന് മുമ്പായി ചെയ്യാൻ കഴിയുന്ന ഒരു പ്രഥമ ശുശ്രൂഷയാണിത്. ഹൃദയാഘാതം പോലെ വൈദ്യ സഹായം അത്യാവശ്യമായി വേണ്ടിവരുന്ന നിരവധി സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.