പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമായിരിക്കാം, എന്നാൽ ആരോഗ്യപൂർണ്ണവും സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു പുതിയ സാധാരണ ജീവിതം ഉണ്ടാകും – ലോകാരോഗ്യ സംഘടന
കോവിഡ് വൈറസ് നമ്മോടൊപ്പം വളരെക്കാലം ഉണ്ടാകും, നമുക്കിനിയും ഒത്തിരി ദൂരം മുന്നോട്ട് പോകാനുണ്ടെന്നും പിഴയൊന്നും വരുത്തരുതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം. പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമായിരിക്കാം, എന്നാൽ ആരോഗ്യപൂർണ്ണവും സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു പുതിയ സാധാരണ ജീവിതം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 25 ലക്ഷത്തിനടുത്തെത്തിയതായി ടെഡ്രോസ് അദനോം പറഞ്ഞു. 1,60,000 ഇൽ കൂടുതൽ ആളുകൾ രോഗബാധ മൂലം മരണമടഞ്ഞു.
പശ്ചിമ യൂറോപ്പിലെ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എണ്ണം കുറവാണെങ്കിലും തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും ആഫ്രിക്കയിലെയും കിഴക്കൻ യൂറോപ്പിലെയും സാഹചര്യങ്ങൾ ആശങ്കയുണർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മിക്ക രാജ്യങ്ങളും പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിലാണ്. ആദ്യ ഘട്ടത്തിലായിരുന്ന പല രാജ്യങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു.
വീടുകളിൽ തന്നെ ഇരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ വൈറസിന്റെ വ്യാപനത്തെ അടിച്ചമർത്താൻ പല രാജ്യങ്ങൾക്കും കഴിഞ്ഞു എന്നുള്ളത് എടുത്ത് പറയേണ്ടതാണ്. എങ്കിലും ഈ വൈറസ് അതി ഭീകരമാണ്. അതുകൊണ്ടുതന്നെ ഈ മഹാമാരിക്ക് എളുപ്പത്തിൽ കത്തിപടരാൻ സാധിക്കും. എല്ലാവരുടെയും ജീവിതത്തിൽ വൈറസ് മൂലം പെട്ടന്ന് സംഭവിച്ച വഴിമാറ്റമാണ് ലോകം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ള രാജ്യങ്ങളിലെ ആളുകൾ വീടുകളിൽ വരുമാന മാർഗങ്ങൾ അടക്കപ്പെട്ട് നിരാശയിൽ കഴിയുകയാണ്. ഇവരുടെ ജീവിതവും ഉപജീവന മാർഗവും അപകടത്തിൽ ആണ്. അത്തരക്കാർക്ക് ജീവിതവുമായി മുന്നോട്ട് പോകണം. അതുതന്നെയാണ് ലോകാരോഗ്യ സംഘടനയുടെ ആവശ്യവും. അതിനുവേണ്ടിയാണ് സംഘടന പ്രയത്നിക്കുന്നതെന്നും അദനോം കൂട്ടിച്ചേർത്തു.
രാജ്യങ്ങളോട് 6 കാര്യങ്ങൾ ചെയ്യാൻ ലോകാരോഗ്യ സംഘടന നിർദേശിച്ചു:
1. എല്ലാ കോവിഡ് കേസുകളും കണ്ടുപിടിക്കുക
2. രോഗികളെ ഐസൊലേറ്റ് ചെയ്യുക
3. പരിശോധന കർശനമാക്കുക
4. എല്ലാ രോഗികളെയും കൃത്യമായി പരിചരിക്കുക
5. രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുക
6. ആളുകളെ ബോധവൽക്കരിക്കുക, കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കുകൊള്ളുന്നതിന് എല്ലാവരെയും ശാക്തീകരിക്കുക
ഈ 6 കാര്യങ്ങൾ തുടർച്ചയായി ചെയ്യാത്ത രാജ്യങ്ങളിൽ രോഗികളുടെയും നഷ്ടമാകുന്ന ജീവനുകളുടെയും എണ്ണം കൂടുമെന്നും ടെഡ്രോസ് വ്യക്തമാക്കി.