ന്യൂഡൽഹി: ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ അംഗങ്ങളായവർക്ക് സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കൂടി കോവിഡ് പരിശോധനയും ചികിത്സയും സൗജന്യമാക്കി. നിലവിൽ സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധനയും ചികിത്സയും സൗജന്യമാണ്.
ആയുഷ്മാൻ ഭാരതിൽ അംഗങ്ങളായവർക്ക് കോവിഡ്-19 പരിശോധനയും ചികിത്സയും ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര തീരുമാനമായി. ആയുഷ്മാൻ ഭാരതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 കോടിയോളംപേർക്ക് ഈ നടപടി ഉപകാരപ്പെടും. സ്വകാര്യ ലബോറട്ടറികളിൽ പരിശോധന നടത്താനും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനും ഇനി അംഗങ്ങൾക്കാകും എന്ന് കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) മാനദണ്ഡം അനുസരിച്ചാവണം പരിശോധന എന്നും സ്വകാര്യ ലാബുകൾക്ക് ഐ.സി.എം.ആറിന്റെ അംഗീകാരമുണ്ടാവണം എന്നും കേന്ദ്ര നിർദേശം ഉണ്ട്.
ഇത്തരമൊരു പ്രതിസന്ധിഘട്ടം തരണംചെയ്യാൻ സ്വകാര്യമേഖലയെയും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോവിഡ് രോഗനിർണയവും ചികിത്സയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. പാവപ്പെട്ടവർക്കുണ്ടാകുന്ന ദുരിതം ഇതുവഴി ലഘൂകരിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.