സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സ്വദേശിക്കാണ് പരിശോധനാഫലം പോസിറ്റീവ് ആയത്. സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കൊറോണ അവലോകന യോഗത്തിനു ശേഷം ചേർന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഏഴ് പേർ ഇന്ന് രോഗമുക്തി നേടി. കാസർകോട് നാലുപേർക്കും കോഴിക്കോട് രണ്ടുപേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. 387 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 167 പേർ വിവിധ ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിനോടകം 218 പേർക്ക് രോഗം പൂർണമായും ഭേദമായെന്നും രോഗമുക്തി നേടിയവരുടെ നിരക്കിൽ കേരളമാണ് രാജ്യത്ത് മുന്നിൽ നിൽക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിലവിൽ 97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 96,942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നുമാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ആകെ രോഗബാധ സ്ഥിരീകരിച്ച 387 പേരിൽ 264 പേർ വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. എട്ടുപേർ വിദേശികളാണ്. 114 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ആലപ്പുഴ-5, എറണാകുളം-21, ഇടുക്കി-10, കണ്ണൂർ-80, കാസർകോട്-167, കൊല്ലം-9, കോട്ടയം-3, കോഴിക്കോട്-16, മലപ്പുറം-21, പാലക്കാട്-8, പത്തനംതിട്ട-17, തിരുവനന്തപുരം-14, തൃശ്ശൂർ-13, വയനാട്-3 എന്നിങ്ങനെയാണ് രോഗം സഥിരീകരിച്ചിട്ടുള്ളത്.