ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 4421 ആയി. 3981 പേർ രാജ്യത്ത് ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. രാജ്യത്താകെ 114 പേർ രോഗബാധയാൽ മരണമടഞ്ഞു. 325 പേർ രോഗമുക്തി നേടി. രോഗമുക്തി നേടിയവരിൽ ഒന്നാം സ്ഥാനത്ത് കേരളം. കേരളത്തിൽ രോഗം സ്ഥിരീകരിച്ച 327 പേരിൽ 58 പേർ രോഗമുക്തി നേടി. 2 മരണം റിപ്പോർട്ട് ചെയ്തു.
രോഗ ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്രയാണ്. പിന്നാലെ തമിഴ്നാട് (621), ഡൽഹി (523) എന്നീ സംസ്ഥാനങ്ങളാണ്. ഇന്ത്യയിൽ രോഗം ബാധിച്ചവരിൽ 7.3 % മാത്രമാണ് രോഗമുക്തി നേടിയിരിക്കുന്നത്. 3% മരണമടഞ്ഞു.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 748 ആയി. മുംബൈയിൽ കോവിഡ് സമൂഹ വ്യാപന ഘട്ടത്തിലേക്ക് നീങ്ങുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ദിവസം നൂറിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ നഗരത്തിൽ പ്രഭാദേവി മേഖലയിൽ നിന്നുമാണ് എഴുപതിലധികം കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ധാരാവിയും വലിയ ഭീഷണിയായി തന്നെയാണ് നിലനിൽക്കുന്നത്. മാർച്ച് 11ന് മുംബൈയിൽ ആദ്യ രോഗം സ്ഥിരീകരിച്ചു. തുടർന്ന് 15 ദിവസത്തിനുള്ളിൽ രോഗം 100 കവിയുകയും ഇന്നത്തെ സാഹചര്യത്തിൽ നൂറിലധികം കേസുകൾ ദിവസേന റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 39.5% ഉം മഹാരാഷ്ട്രയിൽ നിന്നുമാണ്. 45 പേർ ഇവിടെ മരണമടഞ്ഞു.