കോവിഡ് 19ന്‍റെ ഏതു സാഹചര്യത്തേയും നേരിടാന്‍ സംസ്ഥാനം സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ 1.25 ലക്ഷം കിടക്കകൾ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിനു പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്‍ററുകളും ഉണ്ട്. കോവിഡ് പ്രതിരോധത്തിന് ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 10,813 ഐസലേഷന്‍ ബെഡ് ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇതിനു പുറമെ 517 കൊറോണ കെയര്‍ സെന്‍ററുകളില്‍ 17,461 ഐസലേഷന്‍ ബെഡുകളും ഉണ്ട്. പ്രത്യേക കൊറോണ കെയര്‍ ഹോസ്പിറ്റല്‍ തയ്യാറാക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നെന്നും 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
റാപ്പിഡ് ടെസ്റ്റ് മാനദണ്ഡങ്ങൾ ഉടൻ തീരുമാനിക്കും. റെവന്യൂ വരുമാനം, ചിലവ് എന്നിവയെപ്പറ്റി ആസൂത്രണ ബോർഡ് പ്രത്യേക പരിശോധന നടത്തും. ഇതിനായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ജില്ല മാറി റേഷൻ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാൻ നിർദേശം നൽകി. പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ചർച്ച നടത്തും.
കേന്ദ്രത്തിൽ എംപിമാരുടെ ശമ്പളം വെട്ടിക്കുറച്ച രീതിയിൽ സംസ്ഥാനത്ത് ജനപ്രതിനിധികളുടെ ശമ്പളം കുറയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.