തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ച ആറുപേരും കണ്ണൂർ സ്വദേശികളാണ്. ഇവരിൽ അഞ്ചുപേരും വിദേശത്തുനിന്നുവന്നവരാണ്. ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.
21 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസർകോട് 19 പേർക്കും ആലപ്പുഴയിൽ രണ്ടുപേർക്കുമാണ് ഫലം നെഗറ്റീവായത്. 408 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 114 പേർ ചികിത്സയിലാണ്.
സംസ്ഥാനത്ത് 46,323 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 45,925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രിയിൽ ക്വാറന്റൈനിലുള്ള മുഴുവൻ പേരുടേയും പരിശോധന പൂർത്തീകരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.