കോവിഡ് 19: തൃശൂർ മെഡിക്കൽ കോളേജിലും പരിശോധനാ സംവിധാനം

തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് 19 പരിശോധനയ്ക്കായി വൈറൽ റിസേർച്ച് ഡെവലപ്മെന്റ് ലബോറട്ടറി സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കൊളേജുകൾക്ക് പുറമെയാണ് തൃശൂർ മെഡിക്കൽ കോളേജും കോവിഡ് 19 പരിശോധനയ്ക്ക് സജ്ജമായത്.

തൃശൂർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിന്റെ കീഴിൽ സെൻട്രൽ ലാബിന്റെ സമീപത്താണ് ഈ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. 2.939 കോടി രൂപ മുതൽ മുടക്കിയാണ് ഈ സജ്ജീകരണം യാഥാർത്ഥ്യമാക്കിയതെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.