കൊച്ചി: ഇന്നലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. ഇറ്റലിയില്‍ നിന്നുവന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് വയസ്സുകാരന്റെ അച്ഛനും അമ്മയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 4 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും നേരത്തെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ടുപേരെ ഏറെ ഗൌരവത്തോടെയാണ് നിരീക്ഷിക്കുന്നത്. രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 1495 പേരാണ് നിരീക്ഷണത്തിലുള്ളത്.