ഇന്ന് സംസ്ഥാനത്തിന് ദുഃഖ ദിനം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏറ്റവും ദുഃഖകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി. എന്നാൽ പരിഭ്രാന്തരാകേണ്ടതില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം ചുള്ളിക്കൽ സ്വദേശിയായ 69 കാരൻ ആണ് മരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമായിരുന്നു. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പങ്കുവെച്ച വിവരങ്ങൾ :

* സംസ്ഥാനത്ത് നടത്താനിരുന്ന കേരള സ്റ്റേറ്റ് എൻട്രൻസ് പരീക്ഷകൾ മാറ്റി വയ്ക്കാൻ തീരുമാനിച്ചു

* രാജ്യത്തിനകത്ത് മരുന്നും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കാൻ എയർഏഷ്യയ്ക്ക്  അനുമതി ലഭിച്ചു

* എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജന കിറ്റും  വിതരണം ചെയ്യും

* ലോക്ക്ഡൗൺ ചെയ്ത സാഹചര്യത്തിൽ വീടുകളിൽ സുരക്ഷിതരായിരിക്കണം.  ഈ സമയം ക്രിയാത്മകമായി ഉപയോഗിക്കാനും പരിശ്രമിക്കണം

* മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഓൺലൈൻ കൗൺസിലിങ്ങിനുള്ള സംവിധാനം സർക്കാർ ഉടൻ ആരംഭിക്കും

* നിരീക്ഷണത്തിൽ ഇരിക്കുന്ന ആളുകളുടെ നിരീക്ഷണം ശക്തമായിത്തന്നെ തുടരണം.  സാമൂഹ്യ വ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പെട്ടെന്ന് ഫലം അറിയാൻ കഴിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചു

* റെസ്പിറേറ്ററുകൾ,  വെന്റിലേറ്ററുകൾ,  ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ കവചങ്ങൾ,  N 95 മാസ്ക്,  ഓക്സിജൻ സിലിണ്ടറുകൾ,  ബയോ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ  നിർമ്മാണത്തിനുള്ള എല്ലാ നടപടികളും ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്,  ഗവേഷണകേന്ദ്രങ്ങൾ,  വൻകിട ചെറുകിട വ്യവസായ സംരംഭങ്ങൾ ഇവയെല്ലാം കോർത്തിണക്കുന്ന പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഈ ഉപകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നതിന് കഞ്ചിക്കോട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റർ രൂപീകരിക്കുകയും മോഡലുകൾ വികസിപ്പിക്കുന്നതിന് ഫാബ് ലാബിനൊപ്പം  വി എസ് എസ് സിയുടെ സൗകര്യവും പ്രയോജനപ്പെടുത്തും എന്നും മുഖ്യമന്ത്രി അറിയിച്ചു

* പത്രം അവശ്യ സർവീസ് ആയി സർക്കാർ പ്രഖ്യാപിച്ചു. ചില റസിഡൻസ് അസോസിയേഷനുകൾ പത്രവിതരണം വിലക്കുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് ഈ നടപടി

* കമ്മ്യൂണിറ്റി കിച്ചനുകളിൽ ആൾക്കൂട്ടം കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തകർ അല്ലാതെ മറ്റാരും അങ്ങോട്ടേക്ക് പ്രവേശിക്കരുത് എന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ 1059 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ,  പൊതു മേഖല,  സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആണ് കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്നത്. 52,480 പേർക്ക് ഇന്നലെ കമ്മ്യൂണിറ്റി കിച്ചനുകൾ വഴി ഭക്ഷണം വിതരണം ചെയ്തു. അർഹതയുടെ അടിസ്ഥാനത്തിൽ മാത്രം ഭക്ഷണം വിതരണം ചെയ്യണമെന്നും ഭക്ഷണം വിതരണം ചെയ്യുന്നതിന് ആവശ്യമായ വോളന്റിയർമാരെ  ഉടനെ തന്നെ ചുമതലപ്പെടുത്തണം എന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

* അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ ഉത്തമമായ മാർഗങ്ങൾ സർക്കാർ സ്വീകരിച്ചു

ഇന്ന് സംസ്ഥാനത്ത് ആറ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് രണ്ടും കൊല്ലം പാലക്കാട് മലപ്പുറം കാസർഗോഡ് എന്നിവിടങ്ങളിൽ ഓരോ ആളുകൾക്കും ആണ് പുതിയതായി കോവിഡ്  സ്ഥിരീകരിച്ചത്.  തിരുവനന്തപുരത്ത് ഒരാളും കോട്ടയം രണ്ടും എറണാകുളത്ത് ചികിത്സയിലായിരുന്ന ഒരു വിദേശിയും രോഗ മുക്തരായി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 165 ആയി. ഇന്ന് പുതിയതായി 148 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിൽ ആക്കി. നിലവിൽ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിൽ ഉള്ളത് 1,34,370 പേരാണ്. ഇതിൽ 1,33,750 പേർ വീടുകളിലും 620 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.