കോവിഡ് 19 രോഗലക്ഷണവുമായി എത്തിയ യുവാവിനെക്കുറിച്ച് പ്രതികരിച്ച ഡോ. ഷിനു ശ്യാമളനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്. തൃശൂര്‍ ഡി.എം.ഒയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. തെറ്റായ വാര്‍ത്ത നല്‍കി ആരോഗ്യവകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തിലാണ് സര്‍ക്കാര്‍ നടപടി.
പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കി ആരോഗ്യ വകുപ്പിനെയും വകുപ്പ് ഉദ്യോഗസ്ഥരേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയ ഡോ. ഷിനു ശ്യാമളനെതിരെ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കോവിഡ്-19 വൈറസ് ബാധയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളും കൈയുംമെയും മറന്ന് പങ്കാളികളാവുന്ന സാഹചര്യത്തില്‍ മനഃപൂര്‍വം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് പ്രസ്തുത ഷോയിലൂടെ ശ്രമം നടന്നതെന്ന് ഡി.എം.ഒ യുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്.
സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയില്‍ കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടതോടെ സംശയം തോന്നി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ഡോക്ടര്‍ ഷിനുവിന്റെ വിശദീകരണം. ഇതേ തുടര്‍ന്ന് തന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. ആരോഗ്യ വകുപ്പ് അധികൃതരെയും പൊലീസിനെയും അറിയിച്ചെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. ഇയാള്‍ ഖത്തറിലേക്ക് പോയെന്ന വിവരം ലഭിച്ചതായും ഷിനു പ്രതികരിച്ചിരുന്നു. എന്നാല്‍ രോഗ ലക്ഷണങ്ങളോടെ ക്ലിനിക്കില്‍ എത്തിയ ആളെക്കുറിച്ച് വിവരം കൈമാറിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ഡോക്ടറുടെ വാദം തള്ളി പഞ്ചായത്ത് പ്രസിഡന്റും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഡോക്ടര്‍ ഷിനുവിനെ ക്ലിനിക്ക് അധികൃതര്‍ പിരിച്ച് വിട്ടിരുന്നു.