സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം ഗണ്യമായി കുറയ്ക്കാൻ ‘ ബ്രേക്ക് ദി ചെയിൻ ‘ ക്യാമ്പയിന് തുടക്കമായി. ഫലപ്രദമായി കൈ കഴുകിയാൽ കോവിഡ് 19 വൈറസിന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാം എന്ന സന്ദേശത്തോടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന ക്യാമ്പയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഓഫീസുകൾ, ഫ്ലാറ്റുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നിടത്ത് ‘ബ്രേക്ക് ദി ചെയിൻ’ കിയോസ്കുകൾ സ്ഥാപിക്കും. ഇവിടെ പ്രവേശിക്കുന്നവർ കൈകൾ വൈറസ് മുക്തമാക്കി കയറണമെന്ന് ഉറപ്പാക്കണം. ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ് തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും ഇതിന്റെ ഉപയോഗം ഉറപ്പ് വരുത്താനായി തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.