കൊറോണ ദുരന്ത പ്രഖ്യാപനം പിൻവലിച്ച് കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു. രോഗം സ്ഥിരീകരിച്ച 3 പേരുടെയും ആരോഗ്യനില തൃപ്തികരമായ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ പ്രഖ്യാപനം പിൻവലിച്ച വിവരം അറിയിച്ചത്. വുഹാനിൽ നിന്ന് കേരളത്തിലെത്തിയ 72 പേരിൽ 67 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.രോഗികളുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാ വ്യക്തികളും കർശന നിരീക്ഷണത്തിലാണ്. ഫെബ്രുവരി 3 നു ശേഷം ഒരാൾക്ക് പോലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

സംസ്ഥാന ദുരന്ത പ്രഖ്യാപനം പിൻവലിച്ചെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള ജാഗ്രതയും നിരീക്ഷണവും കർശനമായിത്തന്നെ തുടരുമെന്ന് ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 3014 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2953 പേർ വീടുകളിലും 61 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.