കൊറോണ: വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

    തൃശൂർ: കൊറോണ വൈറസ് ബാധിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.

    നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വെള്ളിയാഴ്ച അർധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തൃശൂരിൽ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടിയെ ജനറൽ ആശുപത്രിയിൽനിന്ന് മാറ്റാനുള്ള തീരുമാനം വന്നത്.

    ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ കണക്കിലെടുത്താണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കൊറോണ പശ്ചാത്തലത്തിൽ വലിയ ഐസൊലേഷൻ വാർഡാണ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ച് ഡോക്ടർമാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഐസൊലേഷൻ വാർഡിലുള്ളത്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. 20 മുറികളാണ് ഈ ഐസൊലേഷൻ വാർഡിൽ ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ രോഗികളെ കിടത്താനുള്ള സ്ഥലങ്ങളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

    കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വിദ്യാർഥിനിക്ക് പുറമേ നിലവിൽ ഒമ്പത് പേർ തൃശൂരിൽ നിരീക്ഷണത്തിലുണ്ട്. വീടുകളിലും ആശുപത്രികളിലുമായി ആകെ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.