പാലക്കാട്ടുകാരന്‍ /Thrissur: വിസ്മയകരമായ വിശേഷങ്ങള്‍, അവിശ്വസനീയമായ പ്രതിഭകള്‍, അതിശയകരമായ വസ്തുതകള്‍, ആധുനികയുഗത്തിലെ അത്ഭുതങ്ങള്‍ എന്നിവയിലൂടെ ജനപ്രിയമായിത്തീര്‍ന്ന ഹിസ്റ്ററി ടിവി 18ലെ ഒഎംജി! യേ മേരാ ഇന്ത്യ പുതിയ എപ്പിസോഡിലേയ്ക്ക് കടക്കുമ്പോള്‍ വീണ്ടുമൊരു മലയാളി കൂടി ദേശീയശ്രദ്ധയാകര്‍ഷിക്കുന്നു. ആണികള്‍ക്കല്ല വാളുകള്‍ക്കുപോലും പഞ്ചറാക്കാനാവാത്ത അത്ഭുതമനുഷ്യനായ പാലക്കാട്ടുകാരന്‍ കെ വി സെയ്ദലവിയാണ് പുതിയ എപ്പിസോഡിലെ താരം.
പാലക്കാട് ജില്ലയിലെ ആനക്കര സ്വദേശി കെ വി സെയ്ദലവിയുടെ ഗിന്നസ് റെക്കോഡ് നേട്ടങ്ങള്‍ ശ്വാസമടക്കി പിടിച്ചിരുന്നു മാത്രമേ ആര്‍ക്കും കാണാന്‍ സാധിക്കുകയുള്ളു. ഒന്നും രണ്ടുമല്ല നാല് ഗിന്നസ് റെക്കോഡുകളാണ് ഈ അപൂര്‍വ പ്രതിഭ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. ആണിക്കിടക്കയില്‍ കിടക്കുക, അങ്ങനെ കിടക്കുമ്പോള്‍ത്തന്നെ അടിവയറ്റില്‍ വെയ്ക്കപ്പെടുന്ന തണ്ണിമത്തനുകളെ ഒരു സഹായി അരിഞ്ഞു തള്ളുന്നു. അങ്ങനെ ഒരു മിനിറ്റിനുള്ളില്‍ ഒരു മുറിവുപോലുമേല്‍ക്കാതെ ഏറ്റവുമധികം എണ്ണം തണ്ണിമത്തനുകള്‍ തള്ളിവിട്ട അത്ഭുതകരമായ അഭ്യാസമാണ് സെയ്ദലവിയുടെ ഗിന്നസ് റെക്കോഡുകളിലൊന്ന്.
ജീവിക്കാന്‍ വേണ്ടി കര്‍ഷകത്തൊഴിലാളിയും കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയുമെല്ലാമാകുമ്പോഴും സെയ്ദലവി ഓരോ ദിവസവും ആരംഭിക്കുന്നത് ധ്യാനത്തിനും പരിശീലനത്തിനും ഏറെ സമയം ചെലവഴിച്ചു കൊണ്ടാണ്. എന്നുമുള്ള ധ്യാനത്തിനു ശേഷം മൂന്നു മണിക്കൂറാണ് പരിശീലനം. ചൈനീസ് കുങ്ഫു, ഷിറ്റോ റിയു, തൈക്കോണ്ടോ, കളരിപ്പയറ്റ് എന്നി ആയോധനമുറകളില്‍ വിദഗ്ധനായ സെയ്ദലവി ഒരു മിനിറ്റിനുള്ളില്‍ തന്റെ നെറ്റി ഉപയോഗിച്ച് 20 ആണികളാണ് പ്ലൈവുഡില്‍ അടിച്ചു കയറ്റിയിട്ടുള്ളത്. കുന്തമുനകളുടെ കിടയ്ക്കയില്‍ കിടക്കുമ്പോള്‍ തന്റെ പുറത്തു വെച്ചിട്ടുള്ള 30 കിലോ ഭാരമുള്ള മൂന്ന് സിമന്റ് സ്ലാബുകള്‍ക്ക് ചുറ്റികയുടെ പ്രഹരമേല്‍ക്കുന്നതും സെയ്ദലവിക്ക് നിസ്സാരം.
ഇത്തരം പ്രചോദനാത്മകവും ആവേശകരവുമായ മാനുഷികനേട്ടങ്ങള്‍ അവതരിപ്പിക്കുന്ന ഹിസ്റ്റിറി ടിവി 18-ല്‍ ഇന്ന് (ഡിസംബര്‍ 10) രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ഒഎംജി! യേ മേരാ ഇന്ത്യയുടെ പുതിയ എപ്പിസോഡിലാണ് മാനുഷിക പരിമിതികളെ തകര്‍ത്തെറിയുന്ന സെയ്ദലവിയുടെ നേട്ടങ്ങള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ തേടിയെത്തുന്നത്.