ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ശിവസേന എംപി അരവിന്ദ് സാവന്ത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായാണ് നടപടി. ശരിയല്ലാത്ത അന്തരീക്ഷത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നില്ല, അതിനാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നുവെന്നാണ് സാവന്ത് ട്വിറ്ററിലൂടെ അറിയിച്ചത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


 

കാല്‍ നൂറ്റാണ്ട് നീണ്ട ബിജെപി ബന്ധം പൂര്‍ണമായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണ് ശിവസേനയുടെ പുതിയ നീക്കങ്ങള്‍. മുന്‍പ് ശിവസേന എന്‍ഡിഎ സഖ്യം വിടുകയും കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്താല്‍ സഖ്യ സാധ്യത പരിശോധിക്കാമെന്ന് എന്‍സിപി നേതൃത്വം വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവര്‍ണറെ കാണാനിരിക്കെയാണ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ചത്. രണ്ടാം മോദി സര്‍ക്കാരിലെ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പിന്റെ മന്ത്രിയായിരുന്നു അരവിന്ദ് സാവന്ത്. 288 അംഗങ്ങളുള്ള നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 105 ഉം ശിവസേനയ്ക്ക് 56 ഉം അംഗങ്ങളുമാണുള്ളത്.