കേരള ബാങ്ക് നിലവില്‍ വരും മുന്‍പേ സംസ്ഥാന സഹകരണ ബാങ്കിലെ സ്വന്തക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വന്‍തുക ശമ്പളം അനുവദിച്ചു സഹകരണ വകുപ്പ്. ജില്ലാ ബാങ്കില്‍ നിന്നും മറ്റു സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന സഹകരണ ബാങ്കിലെ ഉന്നത തസ്തികയിലെത്തിയ ഉദ്യോഗസ്ഥര്‍ക്കാണു ശമ്പളത്തില്‍ വന്‍ വര്‍ധന. ഒറ്റ ഉദ്യോഗസ്ഥനു മാത്രം 80000 രൂപ വരെ ശമ്പളം കൂട്ടി നല്കി.
അനധികൃതമായി ശമ്പളം വര്‍ധിപ്പിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളെയാണു കേരള ബാങ്കിന്റെ തലപ്പത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്ഥാപനം മാറി എത്തുന്ന ജീവനക്കാര്‍ക്കു മുന്‍ സ്ഥാപനത്തില്‍ ലഭിച്ചു കൊണ്ടിരുന്ന ശമ്പളമോ സര്‍വീസോ നല്‍കാതെ പുതിയ സ്ഥാപനത്തിലെ ശമ്പള സ്കെയില്‍ നല്‍കണമെന്നാണു നിയമം.
എന്നാല്‍ ഇതെല്ലാം മറികടന്നു പഴയ സര്‍വീസ് കൂടി വകയിരുത്തിയാണ് സഹകരണ വകുപ്പ് വന്‍തുക ശമ്പളം നിശ്ചയിച്ചു നല്‍കിയത്. ഇതേ തുടര്‍ന്ന് സമാന ശമ്പളം എല്ലാവര്ക്കും നല്‍കണമെന്ന ആവശ്യവുമായി മറുവിഭാഗം ജീവനക്കാരും രംഗത്തെത്തി. ശമ്പളം കൂട്ടി നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.