കൊച്ചി: സിവില്‍ സര്‍വീസില്‍ ഒബിസി ക്വാട്ട ലഭിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന പരാതിയില്‍ തലശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിനെതിരേ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ഒബിസി സംവരണത്തിന് ആസിഫിനു യോഗ്യതയില്ലെന്നു എറണാകുളം കളക്ടര്‍ എസ്. സുഹാസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേന്ദ്ര പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാരാണു അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. സബ് കളക്ടര്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നാണു പരാതിക്കാരന്റെ ആരോപണം.
ഐഎഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് തൊട്ടുമുന്പുള്ള മൂന്ന് വര്‍ഷത്തെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ഒബിസി സംവരണത്തിന് അര്‍ഹത. ആസിഫിന്റെ അപേക്ഷയില്‍ പറയുന്നത് 2013 മുതല്‍ 2015 വരെയുള്ള വര്‍ഷത്തെ പരമാവധി വരുമാനം 2,40,000 എന്നാണെങ്കില്‍ അന്വേഷണത്തില്‍ ഇത് 28 ലക്ഷം വരെയാണെന്ന് കണ്ടെത്തി. അതിനാല്‍ സംവരണത്തിന് അര്‍ഹതയില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.