കൊച്ചി: തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് എറണാകുളം ജംങ്ഷന് ഒഴിവാക്കില്ലെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി. ചെന്നൈയില്‍ സോണല്‍ റെയില്‍വേ യൂസേഴ്സ് കമ്മിറ്റി യോഗത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ എസ്. അനന്തരാമനാണ് ഇക്കാര്യം അറിയിച്ചത്. വേണാടിനു പുതിയ കോച്ചുകള്‍ നല്‍കുന്നതിന്റെ പേരില്‍ ജംങ്ഷന് ഒഴിവാക്കി സര്‍വീസ് നടത്താന്‍ തിരുവനന്തപുരം ഡിവിഷന് ആലോചിച്ചെങ്കിലും പ്രതിഷേധം ഉയര്‍ന്നതോടെ ഈ ശുപാര്‍ശ ദക്ഷിണ റെയ്ല്‍വേ ആസ്ഥാനത്തേക്ക് അയച്ചില്ല.
കൂടുതല്‍ യാത്രക്കാര്‍ എറണാകുളം ജംങ്ഷനില്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ ട്രെയ്ന്‍ ടൗണ്‍ വഴി തിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൃശൂര്‍ റെയ്ല്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാറാണ് യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചത്. കൊച്ചുവേളി യാഡ് വികസനം സംബന്ധിച്ച തീരുമാനമെടുക്കേണ്ടതു തിരുവനന്തപുരം ഡിവിഷനാണെന്ന് അധികൃതര്‍ മറുപടി നല്കി. എറണാകുളം മൂന്നാം പിറ്റ്ലൈന് യാഥാര്‍ഥ്യമാക്കുന്ന മുറയ്ക്കു രാമേശ്വരത്തേക്കു സ്ഥിരം സര്‍വീസ് പരിഗണിക്കും.
പാലക്കാട് മെമു ഷെഡ് വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ മലബാര്‍ മേഖലയില്‍ മെമു സര്‍വീസ് സാധ്യമാകും. പാലക്കാട്ടും കൊല്ലത്തും പുതിയ പിറ്റ്ലൈനുകളും എറണാകുളത്തു ടെര്‍മിനല്‍ പദ്ധതിയും സജീവ പരിഗണനയിലുണ്ട്. നിലമ്പൂര്‍ പാതയില്‍ രാത്രിഗതാഗതം ആരംഭിക്കുന്നതു പരിശോധിക്കും. എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിന് ആലുവയില്‍ സ്റ്റോപ് ശുപാര്‍ശ ചെയ്തതായി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.