കൊച്ചി: ചെറിയോരു മഴ പെയ്താല്‍ പോലും വെള്ളക്കെട്ടാകുന്ന കൊച്ചി നഗരത്തിന്റെ മുഖം മിനുക്കാന്‍ സമഗ്രപദ്ധതിയുമായി ജില്ലാഭരണകൂടം. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കാനുള്ള തുടര്‍നടപടികള്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.
കൊച്ചി നഗരത്തിലെ കനാലുകളും ഓടകളും അടക്കം വെള്ളമൊഴുകുന്ന എല്ലാ മാര്‍ഗ്ഗങ്ങളും ഉള്‍പ്പെട്ട വിശദമായ ഡ്രെയിനേജ് മാപ്പ് പദ്ധതിയുടെ ആദ്യഘട്ടമായി തയ്യാറാക്കും. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയിലാണ് കൊച്ചിയില്‍ പദ്ധതി ആവിഷ്‌കരിക്കുക.
വെള്ളക്കെട്ടിനിടയാക്കിയ സാഹചര്യം വിലയിരുത്തുന്നതിന് വിദഗ്ധരടങ്ങുന്ന സാങ്കേതികസമിതി രൂപീകരിക്കും. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണവും ഇതിനായി തേടും. മൂന്നു മാസത്തിനകം കൊച്ചി നഗരത്തിന്റെ ഡ്രയിനേജ് സംവിധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ വ്യക്തമാക്കി.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ദൗത്യസംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തിരുവനന്തപുരത്ത് നടപ്പാക്കിയ ഓപ്പറേഷന്‍ അനന്ത മാതൃകയിലുള്ള പദ്ധതി കൊച്ചിയില്‍ നടപ്പാക്കാന്‍ തീരുമാനമായത്.
പ്രശ്ന പരിഹാരത്തിന് കോര്‍പ്പറേഷന് പരിമിതകളുണ്ടെന്നും, വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം വേണമെന്നും ആയിരുന്നു യോഗത്തിലെ വിലയിരുത്തല്‍. കനാലുകള്‍ വൃത്തിക്കുക, ഓടകളുടെ അസാസ്ത്രീയത പരിഹരിക്കുക എന്നിവയുള്‍പ്പെടെ വിവിധ കര്‍മ്മപരിപാടികളാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി നടപ്പാക്കുക.