Article by Sukesh Das, Head – Business News, Janapriyam news@janapriyam.com
രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കകം കേബിള്‍ ടി.വി എന്ന ആശയംതന്നെ ഇല്ലാതാകും, തിയേറ്ററുകള്‍ക്കുപകരം പുത്തന്‍ സിനിമകള്‍ വീടുകളിലെ ടി.വി യിലൂടെ റിലീസ് ചെയ്യും, ടി വി ചാനലുകള്‍ അപ്രസക്തമാകും എന്നൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ഇവയൊക്കെ സംഭവിക്കാനുള്ള സാധ്യതകളിലേയ്ക്കാണ് ഇന്ത്യയിലെ സാങ്കേതിക രംഗത്തിന്റെ വളര്‍ച്ച വിരല്‍ചൂണ്ടുന്നത്. ഇത്തരം സാധ്യതകളുടെ ആദ്യ ചുവടായി റിലയന്‍സിന്റെ ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ ഫൈബറിന്റെ നൂതന സേവനങ്ങള്‍ സെപ്റ്റംബര്‍ അഞ്ചു മുതല്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്കു ലഭിച്ചു തുടങ്ങുകയായി.
കേബിള്‍ ടി വി, മീഡിയ & എന്റര്‍ടൈന്‍മെന്റ് വ്യവസായത്തെ അടിമുടി മാറ്റി എഴുതാന്‍ ശേഷിയുള്ള സേവനങ്ങളുമായാണ് ജിയോ ഫൈബര്‍ എത്തുന്നത്. അതിവേഗ ഇന്റര്‍നെറ്റ്, അധിക ചിലവില്ലാതെ ലാന്‍ഡ് ലൈന്‍ കണക്ഷന്‍, ഡിജിറ്റല്‍ സെറ്റ് ടോപ് ബോക്സ്, അള്‍ട്രാ ഹൈ ഡെഫിനിഷന്‍ എന്റര്‍ടൈന്‍മെന്റ്, മള്‍ട്ടിപാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, വിര്‍ച്യുല്‍ റിയാലിറ്റി, ഇന്ററാക്ടീവ് ഗെയിമിംഗ്, ഹോം സെക്യൂരിറ്റി, സ്മാര്‍ട്ട് ഹോം സൊല്യൂഷന്‍സ് തുടങ്ങിയ സേവങ്ങളാണ് ജിയോ ഒരു കുടക്കീഴില്‍ സാധാരണക്കാര്‍ക്കുപോലും അംഗീകരിക്കാന്‍ കഴിയുന്ന നിരക്കില്‍ നല്‍കാനൊരുങ്ങുന്നത്. കമ്പനിയുടെ നാൽപത്തിരണ്ടാം വാർഷിക യോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം പ്രഖ്യാപിച്ചത്.
100 എം.ബി.പി.എസ് മുതല്‍ 1 ജി.ബി.പി. എസ് വരെ വേഗതയുള്ള ഇന്റര്‍നെറ്റ്
150 എം.ബി ഇന്റര്‍നെറ്റ് സേവനത്തിന് 15 രൂപ നിരക്കില്‍ ഈടാക്കിയിരുന്ന, ഒരുമാസത്തേയ്ക്ക് ഒരു ജി.ബി ഡേറ്റ എന്ന വലിയ ഓഫര്‍ വിപണി കീഴടക്കിയിരുന്ന ടെലികോം ഇന്റര്‍നെറ്റ് സേവന രംഗത്ത് ഇന്റര്‍നെറ്റിന്റെ പുതുയുഗം സൃഷ്ടിച്ച ജിയോ ഇതേ മേഖലയില്‍ വീണ്ടും വിപ്ലവത്തിന് ഒരുങ്ങുന്നതിന്റെ സൂചനയാണ് 100 എം.ബി.പി.എസ് മുതല്‍ 1 ജി.ബി.പി. എസ് വരെ വേഗതയുള്ള പുതിയ ഇന്റര്‍നെറ്റ് സേവനം. ഒന്നാം നമ്പര്‍ ലോകശക്തിയായ യു എസിലെ ശരാശരി ഫിക്സഡ് ലൈന്‍ ഡൌണ്‍ലോഡ് സ്പീഡ് 90 എം.ബി.പി.എസ് ആണെന്ന് തിരിച്ചറിയുമ്പോഴാണ് ജിയോ വിപ്ലവം അത്ഭുതമാകുന്നത്. ജിയോ ഫൈബര്‍ വരുന്നതോടെ ഇന്ത്യയില്‍ ഇത് 100 എം.ബി.പി.എസില്‍ ആണ് ആരംഭിക്കുക. 700 രൂപ മുതല്‍ 10,000 രൂപ വരെയുള്ള പ്ലാനുകളാവും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുക.
ജിയോ സെറ്റ് ടോപ് ബോക്സ് – ഇവനാണ് താരം
എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രിയെ മാറ്റി മറിക്കാന്‍ ശേഷിയുള്ള ഒന്നാണ് ജിയോയുടെ ഈ സെറ്റ് ടോപ് ബോക്സ് എന്ന് പറയാം. ഈ സെറ്റ് ടോപ് ബോക്സ് ഉപയോഗിച്ച് പ്രമുഖ വീഡിയോ സ്ട്രീമിങ് ആപ്പുകളിലെ കണ്ടന്റുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ടി വി യില്‍ കാണാം. യൂട്യൂബ് വീഡിയോകളും ടി വി യില്‍ തന്നെ കാണാം. കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് സിഗ്നല്‍ സ്വീകരിച്ചു കേബിള്‍ ടി വി ചാനലുകള്‍ കാണാനും ജിയോ സെറ്റ് ടോപ് ബോക്സ് ഉപയോഗിച്ച് സാധിക്കും.
2020 പകുതിയോടെ ജിയോ ഉപഭോക്താക്കള്‍ക്കു പുതിയ സിനിമകള്‍ റിലീസിന്റെ അന്നുതന്നെ വീട്ടില്‍ ഇരുന്ന് കാണാന്‍ സാധിക്കുന്ന സേവനം ഒരുക്കാനാണ് ജിയോയുടെ മറ്റൊരു പദ്ധതി ലക്ഷ്യമിടുന്നത്. സിനിമ തീയേറ്ററിലെ വലിയ സ്‌ക്രീനില്‍ കാണുന്ന അതെ അനുഭവം ജിയോയുടെ മിക്സഡ് റിയാലിറ്റി ( MR ) ഹെഡ് സെറ്റ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. കൂടാതെ ജിയോയുടെ വാര്‍ഷിക പ്ലാന്‍ ( Jio Forever Plan ) എടുക്കുന്നവര്‍ക്ക് 4K/ HD ടി വി യും, 4K സെറ്റ് ടോപ് ബോക്സും സൗജന്യമായി ലഭിക്കുന്നതാണ്.
ഭാവിയില്‍ കാര്യങ്ങള്‍ എങ്ങനെ മാറാം?
ടി.വി ഇനി പഴയ ടി.വി അല്ല !
ഡിജിറ്റല്‍ പ്ലാറ്റുഫോമുകള്‍ വഴി മൊബൈലിലൂടെ കണ്ടന്റ് സ്ട്രീം ചെയ്ത് കാണുന്നത് വലിയ തോതില്‍ വര്‍ധിച്ചത് ജിയോയുടെ വരവോടു കൂടെയാണ്. ഇതിന് പിന്നാലെ ജിയോ ഫൈബര്‍ വരുന്നതോടെ നിങ്ങളുടെ ടി.വിയും സ്മാര്‍ട്ടാകും. ജിയോ ടി.വി സ്‌ക്രീനില്‍ 4K വിഡിയോകള്‍ വരെ സ്ട്രീം ചെയ്തു കാണാന്‍ സാധിക്കും. മികച്ച കണ്ടന്റ് ആണെങ്കില്‍ മാത്രമേ ഏതൊരു ടി.വി ചാനലും പ്രേക്ഷകര്‍ കാണുകയുള്ളു. ടി.വി ചാനലുകള്‍ മാത്രം കാണാന്‍ അവസരമുണ്ടായിരുന്ന സ്ഥലത്തു ജിയോ സെറ്റ് ടോപ് ബോക്സ് വരുന്നതോടെ ഇന്റര്‍നെറ്റിലൂടെ മറ്റു കണ്ടന്റുകള്‍ കൂടി ടി.വിയില്‍ കാണുവാനുള്ള അവസരമാണ് ലഭിക്കുന്നത്.
ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഉള്ള നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം പോലെയുള്ള സ്ട്രീമിംഗ് സർവീസുകൾക്ക് വന്‍ സാധ്യത
യുഎസില്‍ കേബിള്‍ ടി.വി യെക്കാളും നെറ്റ്ഫ്ളിക്സ് പോലെയുള്ള സ്ട്രീമിംഗ് സെര്‍വിസുകളുടെ സബ്സ്‌ക്രിപ്ഷനാണ് ആളുകള്‍ കൂടുതലായി പണം മുടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിലും ഇത്തരമൊരു കാലം വിദൂരമല്ലെന്ന സൂചനകള്‍ സമീപ മേഖലയില്‍ പണം മുടക്കിയുള്ള സബ്സ്‌ക്രിപ്ഷനിലുണ്ടായിട്ടുള്ള വര്‍ധനവ് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ Alt Balaji എന്ന സ്ട്രീമിംഗ് സര്‍വീസ് കോടികളാണ് സ്വന്തമായി കണ്ടെന്റ് ഉണ്ടാക്കാന്‍ വേണ്ടി ഈ മേഖലയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത്. കണ്ടെന്റ് വിതരണം ചെയ്യാന്‍ നിലവിലുള്ള എല്ലാ സംവിധാനങ്ങളെക്കാളും എളുപ്പമാണ് എന്നതാണ് ഇത്തരം സ്ട്രീമിംഗ് സെര്‍വിസുകളുടെ സവിശേഷത. ലോകത്ത് എവിടെ ഇരുന്നും ഇത്തരം സര്‍വ്വിസുകള്‍ ഉപയോഗിക്കാം എന്നതുതന്നെയാണ് പ്രധാന ആകര്‍ഷണം.
പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും കലാകാരന്മാര്‍ക്കും വന്‍ അവസരങ്ങള്‍
വ്യത്യസ്തതയുള്ള കണ്ടെന്റുകള്‍ സ്ട്രീമിംഗ് സെര്‍വീസുകള്‍ക്കു വേണ്ടി ഉണ്ടാക്കാന്‍ പ്രൊഡക്ഷന്‍ ഹൗസുകളുടെ സേവനം ആവശ്യമാണ്. ഇതിനുപുറമെ പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും സ്വന്തമായി വീഡിയോ സ്ട്രീമിംഗ് സര്‍വ്വീസുകള്‍ നല്‍കാവുന്നതാണ്. ഈ സാധ്യതകള്‍ കലാകാരന്മാര്‍ക്ക് നല്‍കുന്നത് നിരവധി അവസരങ്ങളാണ്. സിനിമാ താരങ്ങളെപോലെ സ്ട്രീമിംഗ് സര്‍വിസുകളിലൂടെയും പുതിയ താരങ്ങള്‍ ഉയര്‍ന്നു വന്നേക്കാം. നിങ്ങള്‍ക്ക് സ്വന്തമായി നിര്‍മ്മിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യണമെങ്കില്‍ സിനിമ തീയറ്റര്‍ തന്നെ വേണ്ടി വന്നേക്കില്ലെന്ന് സാരം. സിനിമ തീയറ്റര്‍ മേഖല ഇതോട് കൂടി ഇല്ലാതാകും എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. പക്ഷേ എന്ത് സംഭവിക്കും എന്നത് കാത്തിരുന്നു കാണണം.
കേബിള്‍ ടി വി ഇല്ലാതാകുമോ?
ഇല്ലാതാകുമോ എന്നതും പൂര്‍ണമായും പറയാന്‍ സാധിക്കില്ല. ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാരെ പിന്തുണച്ചു കൊണ്ടുതന്നെ ജിയോ ഫൈബര്‍ ആളുകളില്‍ എത്തിക്കാനാണ് ജിയോയുടെ പദ്ധതി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. നിലവില്‍ കേബിള്‍ ടി വി സിഗ്നല്‍ ഓരോ വീട്ടിലും എത്തിക്കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ തന്നെയാണ് ഏറ്റവും നല്ല മാര്‍ഗം. അതേസമയം ടെക്നോളജിയില്‍ അതിവേഗത്തില്‍ വരുന്ന മാറ്റങ്ങള്‍ കാരണം എന്നത്തേക്കാളും വേഗതയിലാണ് ഓരോ ഇന്‍ഡസ്ട്രിയും മാറി മറയുന്നത് എന്നതും മറക്കാന്‍ സാധിക്കില്ല.
അഡ്വെര്‍ടൈസിങ് മേഖല അടിമുടി മാറിയേക്കും !
നിലവില്‍ ടി വി പരിപാടികള്‍ക്കിടയില്‍ പരസ്യം വരുമ്പോള്‍ അടുത്ത ചാനലിലേക്ക് പോകുന്നത് ഒരു ശീലമാണ്. ചാനലുകളില്‍ ഒരേ സമയത്താണ് പരസ്യം വരുന്നതെങ്കില്‍ പ്രേക്ഷകര്‍ പരസ്യം കാണാന്‍ നിര്‍ബന്ധിതരാകും. ടി വി യിലെ പരസ്യത്തിന്റെ സമയത്തു മൊബൈലില്‍ കണ്ടെന്റ് കാണുന്നവര്‍ കുറവല്ല. ജിയോ സെറ്റ് ടോപ് ബോക്സ് വരുന്നതോടെ ടി വി ചാനലിലെ പരസ്യത്തിന്റെ സമയത്തു ടി വി ചാനല്‍ കണ്ടെന്റ് അല്ലാതെ മറ്റ് ഇന്റര്‍നെറ്റ് ഉപയോഗിച്ചു കണ്ടെന്റുകള്‍ കാണാന്‍ പ്രേക്ഷകര്‍ പോയേക്കാം. പരസ്യം നല്‍കുന്നവര്‍ക്കും ടി വി ചാനലുകള്‍ക്കും ഇത് ഒരേ പോലെ വെല്ലുവിളിയാണ്. ജിയോ വന്നതില്‍ പിന്നെ ഫേസ്ബുക്, ഗൂഗിള്‍ എന്നീ കമ്പനികള്‍ പരസ്യ മേഖലയിലെ വരുമാനത്തിന്റെ നല്ലൊരു ശതമാനം കൈക്കലാക്കുന്നുണ്ട്. ഏറ്റവും നല്ല കണ്ടന്റ് നല്‍കുന്നതോടൊപ്പം പരസ്യ വരുമാനം വര്‍ധിപ്പിക്കാന്‍ നിരന്തരമായി പുതിയ ബിസിനസ്സ് മോഡലുകള്‍ പരീക്ഷിക്കേണ്ടത് ടി വി ചാനലുകള്‍ക്കു മാത്രമല്ല, മീഡിയ & എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രിയിലെ ഏതൊരു കമ്പനിക്കും അത്യന്താപേക്ഷിതമാണ്.
മീഡിയ & എന്റര്‍ടൈന്‍മെന്റ് വ്യവസായത്തില്‍ മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസം, രാഷ്ട്രീയം അടക്കമുള്ള നിരവധി മേഖലകളില്‍ സ്ട്രീമിംഗ് സർവീസുകൾക്ക് വളരെ വലിയ സാധ്യതയാണ് ഉള്ളത്.
മൂന്ന് കൊല്ലം കൊണ്ട് 34 കോടി ഉപഭോക്താക്കളുമായി ലോകത്തിലെ തന്നെ ഏറ്റവും വേഗതയില്‍ വളരുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഇന്ന് ജിയോ. ഈ വളര്‍ച്ചക്ക് മുന്നില്‍ ടെലികോം രംഗത്തെ മറ്റു പ്രമുഖ കമ്പനികള്‍ തളര്‍ന്നു വീഴുന്നതും നാം കണ്ടു. അതുകൊണ്ട് ജിയോ ഫൈബര്‍ കൊണ്ട് വരാന്‍ പോകുന്ന മാറ്റങ്ങള്‍ എത്രത്തോളം വിപ്ലവാത്മകമാണ് എന്നത് ഒരു സാധാരണക്കാരന്റെ ചിന്തകള്‍ക്കും അപ്പുറമാണ്.