കൊച്ചി: നിപ രോഗബാധിതനായ യുവാവ് ആശുപത്രി വിട്ടു. 53 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് 23-കാരനായ രോഗിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. രോഗിയുടെ ചികിത്സ പൂര്‍ണമായും സൗജന്യമായാണ് ആസ്റ്റര്‍ മെഡ്‌സിറ്റി ലഭ്യമാക്കിയത്. ആശുപത്രി വിടുന്നതിന് മുമ്പ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ യുവാവിനെ സന്ദര്‍ശിച്ചു.
കേരളത്തില്‍ രണ്ടാം തവണ റിപ്പോര്‍ട്ട് ചെയ്ത മാരകമായ നിപ രോഗത്തെ വിജയകരമായി പ്രതിരോധിച്ചതിനും അത് കൂടുതല്‍ പേരിലേക്ക് പടരുന്നത് തടഞ്ഞതിനും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മെഡിക്കല്‍ സംഘത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു. ആശുപത്രിയിലെ ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബി വര്‍ക്കി, ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അനൂപ് വാര്യര്‍, ഇന്‍ഫെക്ഷ്യസ് ഡിസീസസ് സ്‌പെഷ്യലിസ്റ്റ് ഡോ. അരുണ്‍ വില്‍സണ്‍, കണ്‍സള്‍ട്ടന്റ് ഇന്‍ടെന്‍സിവിസ്റ്റ് ഡോ. അനുരൂപ് ബാലഗോപാല്‍, ന്യൂറോളജി വിഭാഗം ഡിഎന്‍ബി ട്രെയിനി ഡോ. അനന്ത്‌റാം എന്നിവരെയും നേഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ലഭ്യമായ ഉന്നത നിലവാരമുള്ള അണുബാധ നിയന്ത്രണ സംവിധാനം കാരണമാണ് രോഗത്തെ യഥാസമയം പ്രതിരോധിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും പ്രതിബദ്ധതയോടെയുള്ള പരിചരണത്തെ തുടര്‍ന്ന് രോഗി മാരകമായ നിപ വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി മുക്തനായിരിക്കുകയാണ്. ജനങ്ങളുടെ മൊത്തം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്. നിപ വെല്ലുവിളി നേരിട്ട രണ്ട് ഘട്ടത്തിലും ഈ കൂട്ടായ്മ ഉണ്ടായിരുന്നു. സര്‍ക്കാര്‍-സ്വകാര്യ മേഖല പങ്കാളിത്തത്തോടൊപ്പം ജനങ്ങളുടെ സഹകരണവും ഉണ്ടെങ്കില്‍ ഭാവിയില്‍ ആരോഗ്യ രംഗത്തെ ഏത് വെല്ലുവിളിയെയും നേരിടാന്‍ നമുക്കാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി മന്ത്രി പ്രഖ്യാപിച്ചു.
യഥാസമയം വൈറസ് ബാധ കണ്ടെത്തുന്നതിലും രോഗിയെ ഐസൊലേഷന്‍ മുറിലേക്ക് മാറ്റി സുഖപ്പെടുത്തുന്നതിന് ആവശ്യമായ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിലും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ധീരമായ പങ്കാണ് വഹിച്ചതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വൈറസ് ബാധിതനായ രോഗിയുടെ ജീവന്‍ രക്ഷിച്ചുവെന്ന് മാത്രമല്ല രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനും സഹായകമായി. സംസ്ഥാനത്ത് അത്യന്താധുനിക വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡോ. ആസാദ് മൂപ്പന്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ 50 ലക്ഷം രൂപ ആസ്റ്റര്‍ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഏകോപിപ്പിച്ച പ്രവര്‍ത്തനങ്ങളിലൂടെ രോഗം പടരുന്നതും അതിലൂടെ ഉണ്ടായേക്കാവുന്ന മരണങ്ങളും തടയാന്‍ കഴിഞ്ഞുവെന്നത് ആസ്റ്റര്‍ മെഡ്‌സിറ്റിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണെന്ന് ആസ്റ്റര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരിലും നേഴ്‌സുമാരിലും വൈറസ് ബാധ പകരുന്നത് തടയുകയെന്നതായിരുന്നു തങ്ങള്‍ അഭിമുഖീകരിച്ച പ്രധാന വെല്ലുവിളി. അതിന് സ്വീകരിച്ച നടപടികളില്‍ വിജയിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍ തന്നെ രോഗം നിര്‍ണയിക്കുന്നതിലും പ്രതിരോധിക്കുന്നതിലും വിജയിച്ചതിലൂടെ സംസ്ഥാനത്തെ മറ്റ് ആശുപത്രികള്‍ക്ക് മാതൃകയാകാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് കഴിഞ്ഞുവെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സന്‍ കവലക്കാട്ട് അഭിപ്രായപ്പെട്ടു. വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും രോഗിയുടെ ശരീരസ്രവങ്ങളുമായി ബന്ധപ്പെടാതിരിക്കാന്‍ ആവശ്യമായ സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുകയും കര്‍ശനമായ ശുചിത്വ പെരുമാറ്റച്ചട്ടം പിന്തുടരുകയും ചെയ്യുന്നതില്‍ ആശുപത്രി അതീവ ശ്രദ്ധ പുലര്‍ത്തി. ഇതിന് പുറമേ കര്‍ശന മേല്‍നോട്ടത്തോടെയുള്ള പരിസ്ഥിതി ശുചീകരണവും പകരാന്‍ സാധ്യതയുള്ള രോഗവുമായി എത്തുന്ന രോഗികളെ പാര്‍പ്പിക്കാനായി ഐസൊലേഷന്‍ മുറികളുടെ ലഭ്യതയും ഉറപ്പാക്കുന്നതില്‍ ആശുപത്രി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു.
കര്‍ശന സമീപനത്തിന്റെ ഭാഗമായി വൈറസ് ബാധിതനായ രോഗിയെ ആശുപത്രിയിലുള്ള അത്യാധുനിക നെഗറ്റിവ് പ്രഷര്‍ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തില്‍ വെച്ചു. അണുബാധ തടയുന്നതിനും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുന്നതിനും മുറിയില്‍ നിന്നുള്ള വായു ഫില്‍റ്റര്‍ ചെയ്താണ് പുറത്തുവിട്ടിരുന്നത്. അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ ബ്ലഡ് സാമ്പിളുകള്‍ രണ്ട് സീല്‍ ചെയ്ത കവറില്‍ വെച്ചാണ് ലാബിലേക്ക് കൊണ്ടുപോയിരുന്നത്. സാമ്പിളുകളുടെ പരിശോധനാ സമയത്തും ലാബിലെ ജീവനക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നു. കൂടാതെ രോഗിയെ വൈറസ് വിമുക്തനാക്കുന്നതിന് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനും മരുന്നുകള്‍ നല്‍കുന്നതിനും വ്യക്തമായ ചികിത്സാരീതി പിന്തുടര്‍ന്നിരുന്നു. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ടി.ആര്‍. ജോണ്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.