ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമലയെ ഉപകരണമാക്കി ചതിക്കുകയാണ് ബിജെപി ചെയ്തതെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. എല്ലാ വിഭാഗത്തിലും പെട്ട വിശ്വാസികൾ എതിരാവുന്നുവെന്ന് കണ്ടപ്പോൾ നിയമ നടപടികളിലൊന്നും ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതി പ്രവേശനം തടയാനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ. അധികാരം കൈയിലിരുന്ന സംസ്ഥാന-കേന്ദ്ര സർക്കാറുകള് ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനിൽക്കണമെന്ന വിശ്വാസികളുടെ മൗലികാവകാശം സംരക്ഷിക്കാൻ ഒരു നിയമനടപടിയും സ്വീകരിക്കാൻ തയാറായില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. ജാതിമത രാഷ്ട്രീയ വ്യത്യാസം കൂടാതെ വിശ്വാസ സംരക്ഷണത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാമജപ ഘോഷയാത്രകൾ പരാജയപ്പെടുത്താൻ അധികാരവും ഖജനാവും എല്ലാ കുത്സിതമാർഗങ്ങളും സംസ്ഥാന സർക്കാർ സ്വീകരിച്ചെങ്കിലും വിശ്വാസികളെ കീഴടക്കാൻ കഴിഞ്ഞില്ല. യുവതി പ്രവേശനത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയും സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുകയുമാണ് യുഡിഎഫ് ചെയ്തത്.
യുഡിഎഫിനെയും അദ്ദദമഹം വിമർശിച്ചു. മതന്യൂനപക്ഷങ്ങളുടെ ഏകീകരണമാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ആധാരമെന്ന യുഡിഎഫ് വിലയിരുത്തൽ വിശ്വാസികളെ കളിയാക്കുന്നതിനു തുല്യമാണ്. കേരളത്തിൽ വിശ്വാസി വോട്ടുകളുടെ ഏകീകരണമാണ് ഉണ്ടായതെന്ന് സമ്മതിക്കാൻ യുഡി.എഫോ കെപിസിസി പ്രസിഡന്റോ തയാറായില്ല. ഇനിയും തെരഞ്ഞെടുപ്പ് വരുമെന്ന് യുഡിഎഫ് നേതാക്കൾ മറക്കരുതെന്നും സുകുമാരൻ നായർ ഓർമ്മിപ്പിച്ചു.
കേരളത്തിൽ പൊതുപ്രതിഭാസമുണ്ടായത് വിശ്വാസികൾ ഒരുമിച്ചതുകൊണ്ടാണ്. ഇതിൽ ന്യൂനപക്ഷ, ഭൂരിപക്ഷ വേർതിരിവുണ്ടാക്കുന്നത് ചിലരുടെ രാഷ്ട്രീയമാണെന്നും സുകുമാരൻ നായർ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണുള്ളതെന്നും ജി സുകുമാരൻ നായർ പറഞ്ഞു.