കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്

സംസ്ഥാനത്തെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 13 ജില്ലകളിലായാണ് ഈ വാര്‍ഡുകള്‍. കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് തെരഞ്ഞെടുപ്പില്ലാത്തത്. ഉപതെരഞ്ഞെടുപ്പ് ഫലം ആറു തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തില്‍ നിര്‍ണായകമാകും. 28നാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തെ കല്ലറ പഞ്ചായത്ത് ,ഇടുക്കിയിലെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ,തൊടുപുഴ നഗരസഭ,മാങ്കുളം പഞ്ചായത്ത്,മലപ്പുറത്തെ മംഗലം പഞ്ചായത്ത് ,വയനാട് മുട്ടില്‍ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഫലം നിര്‍ണ്ണായകമാവുക.

ആകെയുള്ള 44 വാര്‍ഡുകളില്‍ 23 എണ്ണത്തില്‍ കഴിഞ്ഞ തവണ എല്‍.ഡി.എഫ് വിജയിച്ചതാണ്. 14 എണ്ണം യുഡിഎഫും. ബി.ജെ.പി നാല് വാര്‍ഡുകളിലാണ് വിജയിച്ചിരുന്നത്. മൂന്ന് സീറ്റുകളില്‍ വിമതരാണ് വിജയിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ മുന്നണികള്‍ വലിയ ആകാംക്ഷയിലാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം തുടരാനാണ് യു.ഡി.എഫ് ശ്രമം. വിജയം നേടാനായാല്‍ തോല്‍വിയില്‍ നിന്ന് തിരികെ വന്നു എന്ന സന്ദേശം നല്‍കാന്‍ കഴിയും എന്നതാണ് എല്‍.ഡി.എഫ് കണക്ക്കൂട്ടല്‍.