അജാസ് സൗമ്യയെ മുൻപും കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും സൗമ്യയുടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നും സൌമ്യയുടെ അമ്മ ഇന്ദിര . എല്ലാ വിവരങ്ങളും വള്ളികുന്നം എസ്ഐയെ ധരിപ്പിച്ചിരുന്നുവെന്നും ഇന്ദിര പറഞ്ഞു.അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാൻ താൽപര്യം ഉണ്ടായിരുന്നു. അജാസ് രണ്ടു തവണ വീട്ടിൽ വന്നിരുന്നുവെന്നും മാനസികമായും ശാരീരികമായും മകളെ ഭീഷണിപ്പെടുത്തിയെന്നും സൌമ്യയുടെ അമ്മ പറഞ്ഞു. ഫോൺ ലോക്ക് ചെയ്തെന്ന പേരിൽ അജാസ് സൗമ്യയുടെ മേൽ പെട്രോൾ ഒഴിച്ചെന്നും ദേഹം മുഴുവൻ ഷൂ കൊണ്ട് അടിച്ചെന്നും ഇന്ദിര വെളിപ്പെടുത്തി.
“അടിച്ചപ്പോൾ നിനക്ക് ഇറങ്ങി ഓടാമായിരുന്നില്ലേ മോളേ എന്ന് ഞാൻ സൗമ്യയോട് ചോദിച്ചു. അന്ന് എന്‍റെ കുഞ്ഞ് ‘നീ ഇവിടെ നിന്ന് പോ’ എന്ന് കാല് പിടിച്ച് കരഞ്ഞപ്പോഴാണ് അവൻ പോയത്.
അജാസിൽ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതു തിരികെ നൽകിയെങ്കിലും വാങ്ങാൻ അജാസ് തയാറായില്ല. തുടർന്ന് പണം അക്കൗണ്ടിലേക്കിട്ടു. അജാസ് അതു തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്കു തന്നെ അയച്ചു. തുടർന്ന് സൗമ്യയ്ക്കൊപ്പം ഇന്ദിരയും രണ്ടാഴ്ച മുൻപ് ആലുവയിൽ എത്തി പണം നേരിട്ടു നൽകാൻ ശ്രമിച്ചു. അതു വാങ്ങാനും അജാസ് തയാറായില്ലെന്നും ഇന്ദിര പറയുന്നു. പകരം വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു.
വിവാഹത്തിന് അജാസ് സൗമ്യയെ നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ അതിനു വഴങ്ങാത്തതിലുള്ള വൈരാഗ്യമാണു കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട സൗമ്യയും പ്രതി അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിൽ പരിചയമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കെ.എ.പി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളർന്നത്.
ഫോൺവിളിയും വാട്സ് ആപ്പ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്, പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന അജാസിന്‍റെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല.
അജാസിൽ നിന്ന് വധ ഭീഷണി നേരത്തെ ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മൂത്തമകൻ ഋഷികേശ് പറഞ്ഞിരുന്നു. “എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നെന്ന് മകൻ പറഞ്ഞിരുന്നു. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു.