കൊച്ചി: നിപബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അറിയിച്ചു. ഇന്ന് വൈകിട്ട് പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്. ഇന്‍റര്‍കോം വഴി യുവാവ് അമ്മയോട് സംസാരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കടുത്ത പനി, തലവേദന, ശ്വാസതടസ്സം, നേരിയ തോതിലുള്ള സ്ട്രോക്ക് തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. നിപയാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.
പനിയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ടെങ്കിലും നേരിയ തോതില്‍ ഇപ്പോഴും ഇയാള്‍ക്ക് പനിയുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതാണ് ആശങ്ക ബാക്കി നിര്‍ത്തുന്ന കാര്യം. എങ്കിലും ആരോഗ്യനിലയില്‍ കാര്യമായ മാറ്റം ഇപ്പോള്‍ ഉണ്ട്. സ്വന്തമായി ഭക്ഷണം കഴിക്കാനും, സംസാരിക്കാനും സാധിക്കുന്നുണ്ട്.
അതേസമയം ബോഡി ബലാന്‍സ് കിട്ടാത്തതിനാല്‍ നില്‍ക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയാണ്. യുവാവിന്‍റെ തുടര്‍ചികിത്സ നിശ്ചയിക്കാനായി ആശുപത്രി അധിക്യതരും, മെഡിക്കൽ ബോർഡും ഇന്ന് യോഗം ചേർന്നു. ഓസ്ട്രേലിയയില്‍ നിന്നും കൊണ്ടു വന്ന മരുന്ന് ഇതുവരെ ഇയാള്‍ക്ക് നല്‍കിയിട്ടില്ല.