ഫാനി ചുഴലിക്കാറ്റ്: 4 ബക്കറ്റ് വെള്ളം കിട്ടിയത് ലോട്ടറി അടിച്ചതിന് തുല്യമെന്ന് പ്രദേശവാസി

കടപ്പാട് : ഇന്ത്യന്‍ എക്‌സ്പ്രസ്‌

ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് തീര്‍ത്ത നാശങ്ങളില്‍നിന്ന് ഒഡീഷന്‍ ജനത തിരുച്ചുവരവിന്റെ പാതയിലാണ്. എന്നാല്‍ അതത്ര എളുപ്പമല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. അവശ്യ സാധനങ്ങള്‍ക്കൊപ്പം വെള്ളത്തിന്റെ ലഭ്യതക്കുറവ് ഒഡീഷന്‍ ജനതയെ വല്ലാതെ വലയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ദിവസവും ഒരു കുടുംബത്തിന് രണ്ടു ബക്കറ്റ് വെള്ളം വീതമാണ് അധികൃതര്‍ നല്‍കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. പണക്കാര്‍ക്ക് ലോറികളില്‍ ആവശ്യത്തിനുള്ള വെള്ളമെത്തുന്നുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പതിനഞ്ചും ഇരുപതും അംഗങ്ങളുള്ള ഒഡീഷയിലെ കുടുംബങ്ങള്‍ക്ക് ഈ വെള്ളം തികയാതെവരുന്നു. ജല വിതരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളെക്കുറിച്ച് അന്വേഷിച്ച ഒരു ദേശിയ മാധ്യമത്തിന് പ്രദേശവാസിയായ ജനാര്‍ദ്ദനന്‍ സാഹു നല്‍കിയ പ്രതികരണം വൈറലാവുകയാണ്.

ജനാര്‍ദ്ദനന്‍ സാഹുവിന്റെ പ്രതികരണം ഇങ്ങനെ ‘എന്റെ നാല് ആണ്‍മക്കളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന 20 അംഗ കുടുംബമാണ് എന്റേത്. ഞങ്ങള്‍ ഒരു ദിവസം കഴിഞ്ഞുകൂടുന്നത് രണ്ട് ബക്കറ്റ് വെള്ളത്തിലാണ്. എന്നാല്‍ ഇന്ന് ഞങ്ങള്‍ക്ക് നാലുബക്കറ്റ് വെള്ളം കിട്ടുന്നുണ്ട്. ശരിക്കും ലോട്ടറി അടിച്ചപോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്.