കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ തൃശൂര്‍ പൂരം എഴുന്നെള്ളിപ്പില്‍ നിന്ന് വിലക്കിയ കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണെന്നും ഹൈക്കോടതി പറഞ്ഞു. കോടതി പറയുന്ന പോലെ ചെയ്യാമെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെ ആനവിലക്ക് വീണ്ടും സര്‍ക്കാരിന് മുന്നിലെത്തിയിരിക്കുകയാണ്.
ആരോഗ്യ പ്രശ്‌നങ്ങളുള്ളതും അപകടകാരിയുമായ ആനയെ പൂരം എഴുന്നള്ളിപ്പില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. എഴുന്നെള്ളിപ്പില്‍ നിന്ന് ആനയെ ഒഴിവാക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ തെക്കോട്ടിറക്കം നടക്കുന്ന ഏതാനും മണിക്കൂറെങ്കിലും ആനയുടെ വിലക്ക് ഒഴിവാക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാര്‍ക്കുള്ളത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്ക് ഒഴിവാക്കിയില്ലെങ്കില്‍ ആഘോഷങ്ങള്‍ക്ക് ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാടുമായി ആന ഉടമകള്‍ രംഗത്തെത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനം ആയിരുന്നില്ല. വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും അതിനനുസരിച്ച് എല്ലാവരേയും വിശ്വാസത്തിലെടുത്തു കൊണ്ട് തീരുമാനം വരുമെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.