ന്യൂഡല്‍ഹി: ബിജെപിയെ പിന്തള്ളി കേന്ദ്രത്തില്‍ ഭരണമുറപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തിരഞ്ഞെടുപ്പിനു പിന്നാലെ യോഗം ചേരാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണ. ബിജെപിയെ എതിര്‍ക്കുന്ന 21 കക്ഷികളാണു പ്രതിപക്ഷ നിരയിലുള്ളത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ട് ദിവസം മുന്‍പ്, ഈ മാസം 21നു ഡല്‍ഹിയില്‍ യോഗം ചേരുമെന്നാണു ലഭിക്കുന്ന വിവരം.
പ്രതിപക്ഷ ഐക്യത്തിനു മുന്‍കയ്യെടുക്കുന്ന ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു ഇതുസംബന്ധിച്ചു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേവല ഭൂരിപക്ഷം ഉറപ്പാക്കുന്നതിന് യുപിഎയ്ക്കു പുറത്തുള്ള എസ്പി, ബിഎസ്പി, തൃണമൂല്‍ എന്നിവയുമായി കോണ്‍ഗ്രസ് നേതൃത്വം അനൗദ്യോഗിക ചര്‍ച്ച ആരംഭിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ 3 സാധ്യതകളാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്
1. കോണ്‍ഗ്രസിന് 140 സീറ്റിനു മുകളില്‍ ലഭിച്ചാല്‍, രാഹുലിനെ പ്രധാനമന്ത്രിയായി അവരോധിക്കാന്‍ മറ്റു കക്ഷികളെല്ലാം ഒന്നിക്കുക.
2. കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍, പ്രതിപക്ഷ നിരയില്‍നിന്നു പ്രധാനമന്ത്രി സ്ഥാനത്തേക്കു മറ്റൊരു നേതാവിനെ കണ്ടെത്തുക, ഈ സര്‍ക്കാരിനു കോണ്‍ഗ്രസ് പുറത്തുനിന്നു പിന്തുണ നല്‍കുക.
3. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും കോണ്‍ഗ്രസ് കൂടി ഭാഗമായ സര്‍ക്കാര്‍; പ്രധാനമന്ത്രിയെ സമവായത്തിലൂടെ കണ്ടെത്തുക.
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍, മോദിയെയും കൂട്ടരെയും പിന്തള്ളി ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുക എളുപ്പമാവില്ലെങ്കിലും ഐക്യത്തോടെയുള്ള ചടുല രാഷ്ട്രീയ നീക്കങ്ങള്‍ ഫലം കാണുമെന്നാണു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.