രണ്ടാമൂഴത്തിൽ മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുന്നത് പ്രമുഖരുൾപ്പടെ 14 പേർ

ദില്ലി: കഴിഞ്ഞ മന്ത്രിസഭയിലെ 14 മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ ഇല്ല. ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെയും പിന്മാറ്റമാണ് പ്രധാനം. ആരോഗ്യപരമായ കാരണങ്ങളാല്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെടുകയായിരുന്നു.

വിദേശകാര്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തന റെക്കോര്‍ഡോടു കൂടിയാണ് സുഷമ സ്വരാജ് പടിയിറങ്ങുന്നത്. ഇന്ന് പ്രധാനമമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കാണികളുടെ ഇടയില്‍ മുന്‍ നിരയില്‍ സുഷമ സ്വരാജ് ഉണ്ടായിരുന്നു. ട്വിറ്ററിലൂടെയും മറ്റുമുള്ള സഹായമഭ്യര്‍ത്ഥനകളില്‍ പെട്ടന്ന് നടപടികളെടുക്കുന്ന സുഷമ സ്വരാജ് മറ്റ് രാജ്യത്തെ ജനങ്ങള്‍ക്ക് പോലും പ്രിയങ്കരിയാണ്. എന്നാല്‍ ഇത്തവണ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സുഷമ നിലപാടെടുക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിലുടനീളം വിവാദ പ്രസ്താവനകളില്‍ ഇടം നേടിയിരുന്നു മുന്‍ വനിതാ ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധിയും മന്ത്രിസഭയിലില്‍ ഇല്ല. മുസ്ലീം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനേകാ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് രണ്ട് ദിവസത്തേക്ക് വിലക്കിയിരുന്നു. അമിത് ഷാ മന്ത്രിസഭയിലെത്തിയതോടെ ബിജെപി ജേശീയ അധ്യക്ഷ പദവിയിലേക്ക് കേള്‍ക്കുന്നത് ജെ പി നദ്ദയുടെ പേരാണ്. ഇതുകൊണ്ടാകാം നദ്ദയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.

ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ഉമാ ഭാരതിയും ഈ മന്ത്രിസഭയില്‍ ഇല്ല. ജയന്ത് സിന്‍ഹ, വ്യാമയാന മന്ത്രിയായിരുന്ന സുരേഷ് പ്രഭു, കൃഷിമന്ത്രിയായിരുന്ന രാധാമോഹന്‍സിംഗ്, ജുവല്‍ ഓറം, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായ മഹേഷ് ശർമ്മ, അല്‍ഫോണ്‍സ് കണ്ണന്താനം, തുടങ്ങിയവരും മന്ത്രിസഭയില്‍ ഇല്ല. അതേസമയം കേന്ദ്രമന്ത്രിയായിരുന്ന ചൗധരി വിരേന്ദര്‍ സിംഗ് ഇത്തവണ മത്സരിച്ചിരുന്നില്ല. ശിവസേനയില്‍ നിന്ന് മന്ത്രിയായ ആനന്ദ് ഗീഥെ ഇത്തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.