മഴയുള്ള സമയത്ത് ബാലാകോട്ടില്‍ ആക്രമണം നടത്തിയാല്‍ റഡാറിനെ മേഘം മറയ്ക്കുമെന്ന് മോഡിയുടെ സിദ്ധാന്തം; പരിഹാസമഴയായി ട്രോളുകള്‍ ; ഒടുക്കം ട്വീറ്റ് മുക്കി ബി.ജെ.പി

ന്യൂഡല്‍ഹി: മേഘവും മഴയുമുള്ള സമയത്ത് ബാലാകോട്ടില്‍ ആക്രമണം നടത്തിയാല്‍ പാകിസ്താനി റഡാറുകളുടെ വലയത്തില്‍നിന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ക്കു രക്ഷപ്പെടാം എന്ന ഉപദേശം താന്‍ നല്‍കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഭീമാബദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ. മോഡിയുടെ പരാമര്‍ശത്തിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടി പ്രതിരോധ-സൈനികവിദഗ്ധര്‍ രംഗത്തുവന്നതോടെ ഇതുസംബന്ധിച്ച ട്വീറ്റ് മുക്കി ബി.ജെ.പി.

ശനിയാഴ്ച ന്യൂസ് നേഷന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ വിവാദ മേഘപരാമര്‍ശം. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ബാലാകോട്ടിലെ തീവ്രവാദകേന്ദ്രം ആക്രമിക്കാനുള്ള തീരുമാനം മറ്റൊരുദിവസത്തേക്കു മാറ്റാമെന്നു നിര്‍ദേശമുയര്‍ന്നപ്പോഴാണു മേഘങ്ങള്‍ തുണയാകുമെന്ന വാദം പ്രധാനമന്ത്രി ഉയര്‍ത്തിയത്. എന്നാല്‍ റഡാറുകള്‍ക്കു വിമാനങ്ങളെ തിരിച്ചറിയാന്‍ മേഘമോ കാലാവസ്ഥയോ ഒന്നും തടസമാകില്ല എന്ന സാങ്കേതികയുക്തി ഉയര്‍ത്തിയാണു മോഡിയെ എല്ലാവരും പരിഹാസപാത്രമാക്കുന്നത്. ഒപ്പം ദേശീയ സുരക്ഷ പോലുള്ള തന്ത്രപ്രധാനമായ വിഷയങ്ങളില്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായ അഭിപ്രായം പ്രകടിപ്പിക്കുന്നതിനെതിരേ മുന്‍ നയതന്ത്രവിദഗ്ധരടക്കം വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഫെബ്രുവരി 26നാണ് വ്യോമസേനാവിമാനങ്ങള്‍ പാക് അതിര്‍ത്തി കടന്നു ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് കേന്ദ്രം തകര്‍ത്തത്. പ്രധാനമന്ത്രി ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ: ”
കാലാവസ്ഥ പെട്ടെന്നു മോശമായി. അവിടെ മേഘങ്ങളുണ്ടായിരുന്നു. കനത്ത മഴയും. മേഘങ്ങള്‍ക്കിടയിലൂടെ പോകാമോ എന്ന സംശയവും അവിടെ ഉയര്‍ന്നു. റിവ്യൂ സമയത്ത് (ബാലാകോട്ട് ആക്രമണപദ്ധതി) മിക്ക വിദഗ്ധരുടേയും അഭിപ്രായം ആക്രമണസമയം മാറ്റിയാലോ എന്നായിരുന്നു.

എന്റെ മനസില്‍ വന്നത് രണ്ടുകാര്യമാണ്. ഒന്ന് രഹസ്യമാണ്. രണ്ട്; ഞാന്‍ പറഞ്ഞു, എനിക്ക് ശാസ്ത്രത്തില്‍ അത്ര നിപുണതയില്ല. അവിടെ ഇത്രയധികം മേഘങ്ങളും മഴയുമുണ്ട്. അവിടെ ഒരു ഗുണമുണ്ട്. പ്രായോഗികജ്ഞാനമല്ലാത്ത അറിവാണ് എന്റേത്, മേഘങ്ങള്‍ നമ്മള്‍ക്കും തുണയാകാം. നമ്മള്‍ക്കു റഡാറില്‍നിന്ന് രക്ഷപ്പെടാം. എല്ലാവരും ആശയക്കുഴപ്പത്തിലായി. അവസാനം ഞാന്‍ പറഞ്ഞു, അവിടെ മേഘങ്ങളുണ്ട്. നമ്മള്‍ക്കു മുന്നോട്ടുപോകാം”.

ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ ഈ വിചിത്രവാദം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസമഴ പെരുകിയതോടെ ട്വീറ്റ് നീക്കി. എന്നാല്‍ യഥാര്‍ഥ ട്വീറ്റ് അതിനോടകം വൈറലായിരുന്നു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ളയും അടക്കമുള്ളവര്‍ പ്രതികരണങ്ങളും പരിഹാസവുമായി രംഗത്തെത്തി. നാലുവോട്ടിനായി കാട്ടുന്ന നിലവാരം കുറഞ്ഞ വേലയെന്ന വിമര്‍ശനവുമായി പല പ്രമുഖരും രംഗത്തെത്തി.