രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുപ്പതിനായിരത്തിലധികം മദ്രസകളെ മുഖ്യധാരാ വിദ്യാഭ്യാസ രംഗവുമായി ബന്ധിപ്പിച്ച് അവയിലൂടെയുള്ള തീവ്രവാദാനുകൂല പ്രവര്‍ത്തനങ്ങൾ തടയാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ സർക്കാർ. പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ഇത് വ്യക്തമാക്കിയത്. എല്ലാ മദ്രസകളെയും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരികയും സമകാലിക വിഷയങ്ങള്‍ക്കൂടി പാഠ്യവിഷയമാക്കുകയും ചെയ്യും.
വിദ്വേഷ പ്രചാരണത്തിന് ഇടകൊടുക്കാത്തതും മറ്റു വിഭാഗങ്ങളെ ബഹുമാനിക്കാന്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനുതകുന്നതുമായ പാഠ്യപദ്ധതികൾ ആവിഷ്കരിക്കും. മതസംബന്ധിയായ കാര്യങ്ങള്‍ കൂടാതെ മറ്റു വിഷയങ്ങളും പഠിക്കുന്നതിന് ഇത് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് നിയമനിര്‍മാണം ആവശ്യമാണ്. അതിനായി ബില്‍ തയ്യാറാക്കിവരികയാണ്. പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ പണം നീക്കിവെച്ചിട്ടുമുണ്ട്. പ്രാരംഭമായി 200 കോടിയാണ് വേണ്ടിവരിക. ഓരോ വര്‍ഷവും നൂറു കോടി വീതം നീക്കിവെക്കുമെന്നും സൈനിക വക്താവ് വ്യക്തമാക്കി.