പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് ബമ്പര്‍ അടിക്കുമോ.. ? വോട്ടെണ്ണലും വിഷു ബമ്പര്‍ നറുക്കെടുപ്പും ഒരേ ദിവസം

23ന് വോട്ടെണ്ണല്‍ ദിവസം ബമ്പര്‍ അടിക്കുന്നത് 20 പേര്‍ക്കല്ല 21 പേര്‍ക്ക്. കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെയുള്ള ലോക്സഭാമണ്ഡലങ്ങളിലെ 20 പേര്‍ക്ക് ജനവിധിയുടെ ബമ്പറാണെങ്കില്‍ 21-ാമന് സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പറാണ്.

വോട്ടെണ്ണുന്ന ദിവസം തന്നെയാണ് വിഷു ബമ്പര്‍ ജേതാവിനെയും തെരഞ്ഞെടുക്കുന്നത്. രണ്ടരക്കോടിയിലേറെ വോട്ടര്‍മാരുടെ മനസ് ഉച്ചയോടെ തെളിയുമെങ്കില്‍ അഞ്ചുകോടിയുടെ വിഷു ബമ്പര്‍ ഭാഗ്യം ആര്‍ക്കെന്ന വിവരം നാലുമണിയോടെ പുറത്തുവരും.

കേരളത്തില്‍ പ്രവചനാതീത മണ്ഡലങ്ങളുടെ എണ്ണം ഇത്തവണ മുമ്പൊരിക്കലും ഉണ്ടാവാത്തവിധം കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍പോലും സമ്മതിക്കുന്നു. ഫലം എങ്ങോട്ട് തിരിയുമെന്നറിയാത്ത നാലു മണ്ഡലങ്ങളെങ്കിലും എണ്ണിക്കഴിയുകയാണ് കേരളം. വടകര, ആലത്തൂര്‍, തിരുവനന്തപുരം, പത്തനംതിട്ട എന്നിവയാണ് കൂടുതല്‍ ആകാംഷയേറ്റുന്ന ആ മണ്ഡലങ്ങള്‍. എല്ലാ അക്കവും ഒത്തുവരേണ്ടതുണ്ട് ചില മണ്ഡലങ്ങളിലെങ്കിലും; അതാവട്ടെ പ്രവചനാതീതവും.

പത്തനംതിട്ടയില്‍ 67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചു എന്ന ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ കെ. സുരേന്ദ്രന് ബംബര്‍ അടിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നു. തൃശൂര്‍, ചാലക്കുടി, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ മല്‍സരാര്‍ഥികളും വോട്ടിങ് മെഷീനിലെ ഭാഗ്യം എങ്ങോട്ട് തിരിയുമെന്നറിയാതെ ദിവസങ്ങള്‍ എണ്ണുകയാണ്.