ഗള്‍ഫില്‍ നിന്ന് വന്നിട്ട് ആറു മാസമേ ആയിട്ടുള്ളു, മന്ത്രവാദം നടത്തിയിട്ടില്ല, ഭാര്യയും അമ്മയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു: ആരോപണങ്ങള്‍ തള്ളി ചന്ദ്രന്‍

നെയ്യാറ്റിന്‍കര: ഭാര്യയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാകുറിപ്പിലെ തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ഭര്‍ത്താവ് ചന്ദ്രന്‍. താന്‍ ഗള്‍ഫില്‍ നിന്ന് വന്നിട്ട് ആറു മാസമേ ആയിട്ടുള്ളു. മന്ത്രവാദം നടത്തിയിട്ടില്ല. എന്നാല്‍ തന്റെ ഭാര്യയും അമ്മയും തമ്മില്‍ വഴക്കുണ്ടായിരുന്നതായും ചന്ദ്രന്‍ പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരില്‍ ചന്ദ്രനും ബന്ധുക്കളും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും തന്നെയും മകളെയും മന്ത്രവാദത്തിന് ഇരയാക്കിയെന്നും എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതോടെയാണ് മരണത്തില്‍ വഴിത്തിരിവായത്. തന്നെയും മകളെയും കൊല്ലുമെന്നാണ് കൃഷ്ണമ്മ പറയുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷം നല്‍കി കൊല്ലാന്‍ നോക്കി. മകളെയും തന്നെയും കുറിച്ച് ഇവര്‍ അപവാദം പറഞ്ഞുപരത്തിയെന്നും കുറിപ്പില്‍ പറയുന്നു. ഇന്നലെ സംഭവം നടന്ന ഉടന്‍ തന്നെ ചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അപ്പോഴൊന്നും മകളുടെയും ഭാര്യയുടെയും ദാരുണാന്ത്യത്തിലുള്ള വിഷയം ചന്ദ്രന്റെ മുഖത്ത് നിഴലിച്ചിരുന്നില്ലെന്ന് മാത്രമല്ല, ചന്ദ്രന്റെ ആരോപണങ്ങള്‍ എല്ലാം ബാങ്കിനെതിരെ ആയിരുന്നു. എന്നാല്‍ കാനറ ബാങ്കിന്റെ ജപ്തി നടപടികളെക്കുറിച്ച് കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല.

ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രനേയും ബന്ധുക്കളേയും അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. ആരോപണം പ്രതികള്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രന്‍, കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെ കസ്റ്റഡിയിലെടുത്തു. ചന്ദ്രനും ബന്ധുക്കളുൃം ബാങ്കിനെ പഴി പറഞ്ഞ് തെറ്റിദ്ധാരണ പരത്താനാണോ എന്നും പോലീസ് അന്വേഷിക്കും. വിശദമായ മൊഴിയെടുപ്പിനും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷം മാത്രമേ അറസ്റ്റുണ്ടാകൂ.