ഐഎസ് ബന്ധം; തമിഴ്‌നാട്ടില്‍ മലയാളികള്‍ എന്‍ഐഎ നിരീക്ഷണത്തില്‍

ചെന്നൈ : ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നു. തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 65 ലേറെ മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ് എന്നതാണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഇതിനിടെ, സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. മലയാളികള്‍ ഉള്‍പ്പെടെ പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.

അറബിയിലും തമിഴിലും മലയാളത്തിലുമുള്ള ഇതിന്റെ വീഡിയോ തെളിവുകള്‍ എന്‍ഐഎ സംഘം കണ്ടെത്തി. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും യുവാക്കളെ ആശയത്തിലേയ്ക്ക് അടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോ തെളിവുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.

കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ റെയ്ഡില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. കുംഭകോണത്ത് മലയാളികളെ അടക്കം ചോദ്യം ചെയ്യുകയാണ്. അതേസമയം, കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം പരിശോധന തുടരുകയാണ്.