സുരക്ഷ അത്ര പോര… രാഹുല്‍ ഗാന്ധി വയനാട് ഡിസിസി ഓഫീസില്‍ കയറില്ല

വയനാട് : നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി വയനാട് ഡിസിസി ഓഫീസില്‍ കയറില്ല. സുരക്ഷ പോരെന്ന കാരണത്താലാണ് ഇത്. നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയും ഒഴിവാക്കിയിട്ടുണ്ട്. രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന സാഹച്യത്തില്‍ വയനാട് സഗരം എസ്പിജി സുരക്ഷയിലാണ്. നഗരത്തില്‍ ആകെ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചുരം കയറിയെത്തുന്ന വാഹനങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തുകയാണ്. വന്‍ പോലീസ് സംഘത്തെയും സ്ഥയത്ത് വിന്യസിച്ചിട്ടുണ്ട്.

അസമിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം വൈകീട്ട് എട്ട് മണിയോടെയാണ് രാഹുല്‍ ഗാന്ധി കോഴിക്കോട് എത്തുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്ന സാഹചര്യത്തില്‍ ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണം എസ് പിജി ഏറ്റെടുത്തു.

രാവിലെ റോഡ് മാര്‍ണ്മം വയനാട്ടിലെത്തണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളി. ചുരംകയറി പോകുന്ന റോഡില്‍ രാഹുലിന് സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്നാണ് വിശദീകരണം. ഇതോടെ യാത്ര ഹെലികോപ്റ്റര്‍ മാര്‍ണ്മമാക്കിയിട്ടുണ്ട്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം ഡിസിസി ഓഫീസിലെത്തി രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കാണുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് കല്‍പ്പറ്റയിലെ ഡിസിസി ഓഫീസ് രാജീവ് ഭവന്‍ മോടികൂട്ടുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.

ഡിസിസി ഓഫീസ് പരിസരത്ത് പന്തല്‍ പണി പുരോഗമിക്കുന്നതിനെടെയാണ് രാഹുല്‍ ഇവിടെ എത്തിയേക്കില്ലെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്നത് . ഡിസിസി യിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ രാഹുല്‍ഗാന്ധിയെ കൊണ്ടു പോകാനാവില്ലെന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡിസിസിയെ അറിയിച്ചിട്ടുണ്ട്.